നടനും രചയിതാവുമായ പി ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ..

Advertisement

മലയാള സിനിമയിലെ പ്രശസ്ത നടനും തിരക്കഥ രചയിതാവുമായ പി ബാലചന്ദ്രൻ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന വാർത്തയാണ് പുറത്തു വരുന്നത്. മസ്തിഷ്കജ്വരത്തെ തുടർന്ന് അദ്ദേഹം കുറച്ചു നാളായി വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുൻപ് അദ്ദേഹത്തിന്റെ രോഗം മൂർച്ഛിക്കുകയും തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ഭാര്യ ശ്രീലതാ ബാലചന്ദ്രനും മക്കളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ടെന്നും, വിവരമറിഞ്ഞു സിനിമാ രംഗത്തുള്ള സുഹൃത്തുക്കളും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ പി ബാലചന്ദ്രൻ അവസാനമായി രചിച്ചത് ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ എന്ന ചിത്രമാണ്. ഒരു നടനെന്ന നിലയിൽ അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത് ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന നിത്യ മേനോൻ ചിത്രത്തിലാണ്.

കഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു കോളാമ്പി. ഈ ചിത്രം ഇതുവരെ തീയേറ്ററിൽ റിലീസ് ചെയ്തിട്ടില്ല. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബൺ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി രചിച്ചത്. അതിനു ശേഷം ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, മാനസം, പുനരധിവാസം, പോലീസ്, ഇവൻ മേഘരൂപൻ, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ എന്നീ ചിത്രങ്ങളും രചിച്ചു. 1996 ഇൽ റിലീസ് ചെയ്ത മോഹൻലാൽ- വേണു നാഗവള്ളി ചിത്രമായ അഗ്നിദേവനിലൂടെയാണ് അദ്ദേഹം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇവൻ മേഘരൂപൻ എന്ന ചിത്രം സംവിധാനം ചെയ്തതും പി ബാലചന്ദ്രൻ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close