പെരുമാറ്റത്തിൽ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം; മനസ്സ് തുറന്നു ദൃശ്യം 2 താരം..!

Advertisement

ദൃശ്യം 2 എന്ന മോഹൻലാൽ ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവനും ഇന്ത്യക്കു പുറത്തും വലിയ ചർച്ച വിഷയമായി മാറുമ്പോൾ, മോഹൻലാൽ , ജീത്തു ജോസഫ് എന്നിവർക്ക് പുറമെ ഈ ചിത്രത്തിൽ ജോലി ചെയ്ത ഓരോ ആളുകൾക്കും അഭിനന്ദനവുമായി എത്തുകയാണ് സിനിമാ പ്രേമികൾ. ഈ ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നുമുണ്ട്. അങ്ങനെ ശ്രദ്ധ നേടിയ ഒരു അഭിനേതാവാണ്, ഈ ചിത്രത്തിൽ ജഡ്ജി ആയി അഭിനയിച്ച നടനും രചയിതാവുമായ ആദം അയൂബ്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം മഹാരാജാസ് കോളേജിൽ പഠിച്ചിട്ടുള്ള ആദം അയൂബ്, സൂപ്പർ താരം രജനികാന്തിന്റെ സഹപാഠി കൂടിയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ താരങ്ങളും മഹാനടന്മാരുമായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ പെരുമാറ്റ രീതിയെ കുറിച്ച് പറയുകയാണ് ആദം അയൂബ്. മോഹൻലാലിനെ താൻ ആദ്യം കാണുന്നത് 1982 ഇൽ നിർമ്മിച്ച വിസ എന്ന ചിത്രത്തിൽ ജോലി ചെയ്യുമ്പോൾ ആണെന്നും ആ ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിച്ചിരുന്നുവെന്നും ആദം അയൂബ് ഓർക്കുന്നു. നമ്മളോട് വളരെയധികം സൗഹൃദപരമായി പെരുമാറുന്ന, ഏറെ കുസൃതി കാണിക്കുന്ന ഒരാളായിരുന്നു അന്ന് മോഹൻലാൽ എന്ന് ആദം അയൂബ് പറയുന്നു.

എന്നാൽ പിന്നീട് അദ്ദേഹം വലിയ സൂപ്പർ താരമായി മാറിയതിനു ശേഷം, ഏറെ വർഷങ്ങൾക്കു ശേഷമാണു താൻ അദ്ദേഹത്തെ കണ്ടതെന്നും, അത് അദ്ദേഹത്തിന്റെ വിസ്മയ മാക്സ് സ്റ്റുഡിയോ ഉത്‌ഘാടനത്തിനു അദ്ദേഹം തന്നെ ക്ഷണിച്ചപ്പോൾ ആയിരുന്നുവെന്നും ആദം അയൂബ് ഓർത്തെടുക്കുന്നു. ഇത്രയും വർഷം കഴിഞ്ഞിട്ടും അദ്ദേഹം തന്നെ മറന്നില്ലലോ എന്നത് തന്നെ തനിക്കു വലിയ സന്തോഷം പകർന്നു എന്നും, അങ്ങനെ താൻ ആ ഉത്‌ഘാടന ചടങ്ങിന് എത്തിയപ്പോൾ, വലിയ താരനിരക്കു നടുവിലും അദ്ദേഹം മുന്നോട്ടു വന്നു തന്നെ സ്വീകരിക്കുകയും ഒപ്പം വിളിച്ചു കൊണ്ട് പോവുകയും ചെയ്തതും മറക്കാൻ കഴിയില്ലെന്നും ആദം അയൂബ് പറയുന്നു. താര ജാഡ എന്നൊന്ന് ഇല്ലാത്ത, എല്ലാവരോടും വളരെ സ്നേഹത്തോടും സൗഹൃദത്തോടും പെരുമാറുന്ന ആളാണ് മോഹൻലാൽ എന്നും എല്ലാവരുമായും തോളത് കയ്യിട്ടു സംസാരിച്ചു പെരുമാറുന്ന സിമ്പിൾ മനുഷ്യനാണ് അദ്ദേഹമെന്നും ആദം അയൂബ് പറഞ്ഞു. ദൃശ്യം 2 സെറ്റിൽ വെച്ച് കണ്ടപ്പോഴും അതേ സൗഹൃദം തന്നെയാണ് അദ്ദേഹം കാണിച്ചതെന്നും ആദം അയൂബ് കൂട്ടിച്ചേർത്തു. മമ്മൂട്ടിയുമായും നല്ല സൗഹൃദം ഉണ്ടെന്നും കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചത് അദ്ദേഹമാണെന്നും ആദം അയൂബ് പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും അതുല്യ നടന്മാരും വലിയ താരങ്ങളുമാണ്. പക്ഷെ രണ്ടു പേരുടേയും പെരുമാറ്റ രീതി രണ്ടു തരത്തിലാണ് എന്നും ഒരാൾ മോശമെന്നോ വേറെ ഒരാൾ നല്ലതെന്നോ അല്ല താൻ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടു പേരുമായും തനിക്കു സൗഹൃദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close