സംസ്ഥാന പുരസ്‍കാര പ്രഭയുമായി ലൂസിഫറും മരക്കാരും; ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡ് കരസ്ഥമാക്കി നടൻ വിനീത്..!

Advertisement

പ്രശസ്ത മലയാള നടനും നർത്തകനുമായ വിനീതിനാണ് അന്പതാമത്‌ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്‍കാരം ലഭിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലും അതുപോലെ പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിനും വേണ്ടി ശബ്ദം നൽകിയതാണ് വിനീതിനെ അവാർഡിന് അർഹനാക്കിയത്. ലൂസിഫർ എന്ന ചിത്രത്തിലെ വില്ലനായി അഭിനയിച്ച വിവേക് ഒബ്‌റോയ് എന്ന ബോളിവുഡ് താരത്തിന് ശബ്ദം നൽകിയ വിനീത് ആ ചിത്രം റിലീസ് ചെയ്ത സമയം മുതൽ തന്നെ വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. ബോബി എന്ന വില്ലൻ കഥാപാത്രത്തിന്റെ ഗംഭീരമായ ഡയലോഗ് ഡെലിവറി പ്രേക്ഷകരിലേക്ക് എത്തിയത് വിനീതിന്റെ ആഴമുള്ള ശബ്ദത്തിലൂടെയാണ്.

അതുപോലെ തന്നെ പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാരിൽ തമിഴ് നടൻ അർജുൻ അവതരിപ്പിച്ച അനന്തൻ എന്ന കഥാപാത്രത്തിന് വേണ്ടിയാണു വിനീത് മലയാളത്തിൽ ഡബ്ബ് ചെയ്തത്. ആ ചിത്രം റിലീസ് ചെയ്തിട്ടില്ല എങ്കിലും അനന്തൻ എന്ന കഥാപാത്രത്തിനായി അതിഗംഭീരമായാണ് വിനീത് ഡബ്ബ് ചെയ്തത് എന്നാണ് ജൂറി അംഗങ്ങൾ വിലയിരുത്തിയതെന്നു അവാർഡ് പ്രഖ്യാപിക്കവേ മന്ത്രി എ കെ ബാലൻ വെളിപ്പെടുത്തി. ലുസിഫെറിലെ ഡബ്ബിങ്ങിന് വിനീതിന് വേറെയും അവാർഡുകൾ ഇതിനോടകം ലഭിച്ചിരുന്നു. ഒട്ടേറെ മികച്ച മലയാള ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടനെന്ന പേര് കൂടി സ്വന്തമാക്കിയ കലാകാരനാണ് വിനീത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. മരക്കാർ അടുത്ത വർഷമേ തീയേറ്ററുകളിൽ എത്തുകയുള്ളൂ എന്ന് സംവിധായകനും നിർമ്മാതാവും നേരത്തെ തന്നെ അറിയിച്ചിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close