
യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ലുസിഫെർ. കഴിഞ്ഞ വർഷം റീലീസ് ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. പുലി മുരുകന് ശേഷം നൂറു കോടി ക്ലബിലിടം പിടിച്ച ഒരേയൊരു മലയാള ചിത്രമെന്ന ബഹുമതിയും നേടിയെടുത്ത ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തത് ബോളിവുഡ് താരമായ വിവേക് ഒബ്രോയ് ആണ്. അദ്ദേഹത്തിന് വേണ്ടി മലയാളത്തിൽ ഡബ്ബ് ചെയ്തതാവട്ടെ പ്രശസ്ത നടനും നർത്തകനുമായ വിനീതും. വിസ്മയിപ്പിക്കുന്ന പൂർണ്ണതയോടെയാണ് വിനീത് വിവേക് ഒബ്രോയിക്കു വേണ്ടി ഡബ്ബ് ചെയ്തത്. പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസ ചൊരിഞ്ഞ ആ ഡബ്ബിങിന് ശേഷം ഇപ്പോൾ മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ശബ്ദ സാന്നിധ്യമായി വിനീത് ഉണ്ട്.
ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ഈ പ്രിയദർശൻ ചിത്രത്തിന്റെ ട്രെയ്ലറിന്റ മലയാളം വേർഷനു വേണ്ടി വിവരണം നൽകിയിരിക്കുന്നത് വിനീതാണ്. ട്രയ്ലർ തുടങ്ങുന്നത് തന്നെ വിനീതിന്റെ വിവരണത്തോടെയാണ്. ട്രയ്ലർ മുന്നോട്ടു പോകുന്നതും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ തന്നെ. ആരാണ് ഈ കുഞ്ഞാലി. കണ്ടവർ ജീവിച്ചിരിപ്പില്ല. കേട്ടവർക്കു എവിടെയുണ്ടെന്നും അറിയില്ല. അയാളെ കുറിച്ചു ഒട്ടിക്കുന്ന വിളംബരങ്ങൾ പശ ഉണങ്ങും മുൻപേ കീറി മറഞ്ഞു പോകുന്നു. അകലങ്ങളിൽ നിഴൽ പോലെ മാത്രം കണ്ടവർ അയാളെ കൈകൂപ്പി വണങ്ങുന്നു. വിനീതിന്റെ ഈ വലിയ ഡയലോഗിൽ നിന്നാണ് മരക്കാർ ട്രയ്ലർ ആരംഭിക്കുന്നത്. അദ്ദേഹം ട്രയ്ലറിൽ പറയുന്ന ഡയലോഗുകൾ ഇപ്പോൾ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഏതായാലും ഈ സിനിമയിൽ അദ്ദേഹം ആർക്കെങ്കിലും ശബ്ദം നൽകിയിട്ടുണ്ടോ എന്നറിയാൻ ചിത്രം റിലീസാവുന്നത് വരെ കാത്തിരിക്കേണ്ടി വരും.