മലയാളത്തിന്റെ പ്രിയ മുത്തച്ഛന്‍ ഇനിയില്ല; നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

Advertisement

ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു.ന്യൂമോണിയ വന്ന് മൂന്നാഴ്ച്ച മുന്‍പ് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  കൊറോണ സ്ഥിരീകരിച്ചത്.  വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 1922 ഒക്ടോബർ 25 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജനനം. പയ്യന്നൂർ ബോയ്സ് ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത് പരേതയായ ലീല അന്തർജ്ജനമാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണൻ.

‘ദേശാടനം’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകരുടെ മനസ്സിൽ കടന്നുകൂടിയത്. തികച്ചും ആകസ്മികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമാപ്രവേശനം. ഗാനരചയിതാവും സംഗീത സംവിധായകനുമായ മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പിറന്നാളാഘോഷത്തിനായി അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സംവിധായകന്‍ ജയരാജ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെ കാണുകയും പിന്നീട് ‘ദേശാടനം’ സിനിമ ചെയ്യുമ്പോൾ മുത്തച്ഛൻ കഥാപാത്രത്തിനായി അദ്ദേഹത്തെ ക്ഷണിക്കുകയുമായിരുന്നു. പിന്നീട് കളിയാട്ടം, കല്യാണരാമന്‍,സദാനന്ദന്‍റെ സമയം, മായാമോഹിനി, രാപ്പകല്‍, മധുരനൊമ്പരക്കാറ്റ്, അങ്ങനെ ഒരവധിക്കാലത്ത്, കൈക്കുടന്ന നിലാവ്, മേഘമല്‍ഹാര്‍, പമ്മല്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങി മലയാളത്തിലും തമിഴിലുമായി 22 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഇതിൽ കല്യാണരാമനിലെ വേഷം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ ആണ് ആദ്യ തമിഴ് സിനിമ. ഐശ്വര്യറായിയുടെ മുത്തച്ഛന്റെ വേഷമായിരുന്നു അതില്‍.  സൂപ്പർതാരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വേഷമിട്ടു. 2012-ലാണ് ഒടുവില്‍ അദ്ദേഹം സിനിമയില്‍ അഭിനയിച്ചത്. അഭിനയമല്ല എന്റെ തൊഴില്‍, ഇതുവരെ ഒരു സിനിമയ്ക്കും പ്രതിഫലം ചോദിച്ചുവാങ്ങിയിട്ടില്ല. അതുവഴി സമ്പന്നനാകണമെന്ന അതിമോഹവുമില്ലെന്നായിരുന്നു അഭിനയ ജീവിതത്തെ കുറിച്ചുളള അദ്ദേഹത്തിന്റെ പ്രതികരണം. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close