ഇന്ന് മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ റിലീസ് ചെയ്ത മാളികപ്പുറം എന്ന ചിത്രം സൂപ്പർ വിജയം നേടിയതോടെ ഉണ്ണി മുകുന്ദൻ സൂപ്പർ താര പദവിയിലേക്കുള്ള യാത്ര തുടങ്ങി എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. വിഷ്ണു ശശി ശങ്കർ ഒരുക്കിയ ഈ ചിത്രത്തിന് വമ്പൻ പ്രേക്ഷക പിന്തുണയാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. നടനായി മാത്രമല്ലാതെ നിർമ്മാതാവായി കൂടി തിളങ്ങുന്ന താരമാണ് ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ, ഷഫീഖിന്റെ സന്തോഷം എന്നീ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്. ഇനിയും ഒരുപിടി ചിത്രങ്ങൾ ഉണ്ണി മുകുന്ദൻ നിർമ്മിക്കാൻ പ്ലാൻ ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ഉണ്ണി മുകുന്ദൻ എന്നായിരുന്നില്ല തന്റെ യഥാർത്ഥ പേരെന്നും, ഉണ്ണികൃഷ്ണൻ എന്നായിരുന്നു തന്റെ പേരെന്നും അദ്ദേഹം പറയുന്നു.
താൻ സിനിമയിൽ വന്ന സമയത്ത് ഉണ്ണികൃഷ്ണൻ എന്ന പേരിൽ ഒരു പഞ്ചില്ല എന്നും അത്കൊണ്ട് വേറെ പേര് ആലോചിക്കണമെന്നും പറഞ്ഞെന്ന് ഉണ്ണി ഓർത്തെടുക്കുന്നു. അപ്പോൾ തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ ബാബു ജനാർദ്ദനൻ നിർദേശിച്ച പേര് അഭയ് രാജ് എന്നാണെന്നും ഉണ്ണി പറഞ്ഞു. പൃഥ്വിരാജ് പോലെ ഒരു പേര് ആണ് അത്കൊണ്ട് ഉദ്ദേശിച്ചതെന്നും, പക്ഷെ ഉണ്ണി എന്ന പേരിനോടല്ലാതെ തനിക്ക് പ്രതികരിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോഴാണ്, അച്ഛന്റെ പേരായ മുകുന്ദൻ എന്നത് കൂടെ ചേർത്ത് ഉണ്ണി മുകുന്ദൻ ആക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി, ജനപ്രിയ നായകൻ ദിലീപ്, യുവ താരം സണ്ണി വെയ്ൻ തുടങ്ങിയവരൊക്കെ സിനിമയ്ക്കു വേണ്ടി പേര് മാറ്റിയവരാണ്.