കൊക്കെയ്ന്‍ കേസില്‍ പ്രശസ്ത മലയാള സിനിമാ താരം ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. ഷൈൻ ടോം ചാക്കോ ഉള്‍പ്പെടെയുള്ള കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള എറണാകുളം സെഷന്‍സ് കോടതി ഉത്തരവ് പുറത്ത്. പത്ത് വർഷം മുൻപ് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും കുറച്ചു മോഡലുകളും മയക്കു മരുന്ന് കേസിൽ പിടിയിലാവുന്നത്. 2015 ജനുവരി 30ന് ആയിരുന്നു സംഭവം നടന്നത്.
എട്ട് പ്രതികളായിരുന്നു പോലീസ് രജിസ്റ്റർ ചെയ്ത കേസിലുണ്ടായിരുന്നത്. എന്നാൽ ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും കോടതി വിചാരണ നേരിട്ടിരുന്നു. അതിനെ തുടർന്നാണ് വിചാരണയുടെ അവസാനം മുഴുവന്‍ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി കൊണ്ടുള്ള ഉത്തരവ് പുറത്ത് വിട്ടത്. ഷൈന്‍ ടോം ചാക്കോയ്ക്ക് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്. 2018 ഒക്ടോബറിലായിരുന്നു ഈ കേസിൽ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്.
ഷൈന്‍ ടോം ചാക്കോക്ക് ഒപ്പം അന്ന് റെയ്‌ഡിൽ പിടിയിലായത് മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ആണ് ഇവർ പിടിക്കപ്പെട്ടത്. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ നടത്തിയ രക്ത പരിശോധനയിൽ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.