മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിലൊരാളാണ് സന്തോഷ് കീഴാറ്റൂർ. നാടകത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് വന്ന ഈ നടൻ തന്റെ അഭിനയ മികവ് കൊണ്ട് മലയാളത്തിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്ത കലാകാരനാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാരിലും സന്തോഷ് കീഴാറ്റൂർ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഒരു ഫേസ്ബുക് ലൈവിൽ അദ്ദേഹം ഈ ചിത്രത്തെക്കുറിച്ചു മനസ്സ് തുറന്നു. മരക്കാരിനെ കുറിച്ച് സന്തോഷ് കീഴാറ്റൂർ പറയുന്ന വാക്കുകൾ ഓരോ സിനിമാ പ്രേമിക്കും ആവേശമുണ്ടാക്കുന്നതാണെന്നു പറയാതെ വയ്യ. ഇതൊരു ഇന്ത്യൻ സിനിമയാണോ എന്ന് തോന്നി പോകുന്ന തരത്തിൽ, ലോകനിലവാരത്തിലാണ് മരക്കാർ ഒരുക്കിയിരിക്കുന്നതെന്നാണ് സന്തോഷ് കീഴാറ്റൂർ പറയുന്നത്. മരക്കാരിലെ ക്ലൈമാക്സ് സംഘട്ടനമൊക്കെ അത്‌ഭുതപ്പെടുത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുറച്ചു വൈകിയാണെങ്കിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ മരക്കാർ തീയേറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ട് ചെയ്യുമ്പോൾ തന്നെ അത്ഭുതപ്പെടുത്തിയ ഈ ചിത്രം ഇതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ എല്ലാം തീർന്നു മുന്നിലെത്തുമ്പോൾ വലിയ വിസ്മയം തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്നാണ് സന്തോഷ് കീഴാറ്റൂർ പറയുന്നത്. പ്രേക്ഷകരെ പോലെ തന്നെ താനും ആ ചിത്രം ഏറെ പ്രതീക്ഷയോടെ തീയേറ്ററിൽ ചെന്ന് കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സെറ്റുകൾ പോലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്നും, ഇതിലെ കൊട്ടാരവും കപ്പലും കോട്ടയും കടലുമെല്ലാം അത്രയും സ്വാഭാവികമായി തോന്നുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അടുത്ത വർഷമേ ഇനി ചിത്രം റിലീസ് ചെയ്യാൻ സാധ്യതയുള്ളൂ എന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റ്സ് എന്നിവരും ഇതിന്റെ സഹനിർമ്മാതാക്കളായി ഉണ്ട്.