പ്രശസ്ത സിനിമാ താരം രവി വള്ളത്തോൾ അന്തരിച്ചു..!

Advertisement

ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെയും മിനി സ്ക്രീൻ സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ പ്രശസ്ത നടൻ രവി വള്ളത്തോൾ അന്തരിച്ചു. 67 വയസ്സുണ്ടായിരുന്ന അദ്ദേഹം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വെച്ചാണ് അന്ത്യ ശ്വാസം വലിച്ചത്. ഏറെ നാളായി സുഖമില്ലാതിരുന്ന അദ്ദേഹം കുറച്ചു നാളായി സിനിമയിൽ സജീവമായിരുന്നില്ല. 1987 ൽ റിലീസ് ചെയ്ത സ്വാതിതിരുന്നാൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രവി വള്ളത്തോൾ അൻപതിലധികം സിനിമകളിലും നൂറിൽ കൂടുതൽ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിനൊപ്പം തന്നെ ഒരു രചയിതാവും കൂടിയായ രവി വള്ളത്തോൾ ഇരുപത്തിയഞ്ചോളം ചെറു കഥകളും എഴുതിയിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുള്ള രവി വള്ളത്തോൾ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മരുമകൻ കൂടിയാണ്.

അദ്ദേഹത്തിന്റെ സിനിമാ ബന്ധം തുടങ്ങുന്നത് ഒരു ഗാന രചയിതാവായിയാണ്. 1976 ഇൽ റിലീസ് ചെയ്ത മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി താഴ്‌വരയിൽ മഞ്ഞു പെയ്തു എന്ന ഗാനം രചിച്ചാണ് അദ്ദേഹം മലയാള സിനിമയിൽ എത്തിയത്. 1986 ഇൽ റിലീസ് ചെയ്ത മോഹൻലാൽ നായകനായ രേവതിക്കൊരു പാവകുട്ടി എന്ന ജനപ്രിയ ചിത്രത്തിന്റെ കഥ രചിച്ചതും രവി വള്ളത്തോൾ ആണ്. അതേ വർഷം തന്നെ ദൂരദർശനിൽ സംപ്രേഷണം ആരംഭിച്ച വൈതരണി എന്നു പേരുള്ള ഒരു സീരിയലിലൂടെ അദ്ദേഹം മിനി സ്ക്രീനിലും അരങ്ങേറ്റം കുറിച്ചു. മികച്ച നടൻ എന്ന പേരു വളരെ വേഗം സ്വന്തമാക്കിയ അദ്ദേഹം സൂപ്പർ വിജയം നേടിയ ഒട്ടേറെ മലയാള ചിത്രങ്ങളിൽ ശ്രദ്ധ നേടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കോട്ടയം കുഞ്ഞച്ചൻ, വിഷ്ണു ലോകം, ഗോഡ് ഫാദർ, കമ്മീഷണർ, സാദരം എന്നിവ അദ്ദേഹം അഭിനയിച്ച ചില സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close