പ്രശസ്ത ബോളിവുഡ് നടി റിച്ച ഛദ്ദ ഇന്ത്യൻ സൈന്യത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത് വലിയ വിവാദമായി മാറിയിരുന്നു. പാക് അധീന കശ്മീർ തിരിച്ചു പിടിക്കാൻ സൈന്യം സജ്ജമാണെന്നും ഉന്നത ഉത്തരവിനായി കാക്കുകയാണെന്നുമുള്ള നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റ്നന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു റിച്ച ഛദ്ദയുടെ ട്വീറ്റ് വന്നത്. ഗാൽവൻ ഹായ് എന്ന് പറയുന്നു‘ എന്നായിരുന്നു ലെഫ്റ്റ്നന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ട്വീറ്റിന് റിച്ചയുടെ മറുപടി. 2020ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഗാൽവാൻ ഏറ്റുമുട്ടലിൽ ഉണ്ടായ സംഭവ വികാസങ്ങളിൽ ഇന്ത്യൻ സൈന്യത്തെ പരിഹസിക്കുന്ന പോലെയായിരുന്നു അവരുടെ ട്വീറ്റ് എന്നതാണ് വിവാദമായത്. ഇതിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയരുകയും ചെയ്തു. നടൻ അക്ഷയ് കുമാർ അടക്കമുള്ളവർ ഈ വിഷയത്തിൽ റിച്ചക്കെതിരെ ട്വീറ്റുമായി മുന്നോട്ട് വന്നു. അതോടെ റിച്ച ഈ വിഷയത്തിൽ മാപ്പ് പറയുകയും ചെയ്തു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും മനപ്പൂർവമല്ലെന്നും ആണ് റിച്ച പറഞ്ഞത്. തന്റെ മുത്തച്ഛനും സഹോദരന്മാരും സൈന്യത്തിലായിരുന്നെന്നും ഇന്ത്യ-ചൈന യുദ്ധത്തിൽ ലെഫ്റ്റനന്റ് കേണൽ ആയിരുന്ന തന്റെ മുത്തച്ഛന് കാലിൽ വെടിയേറ്റിരുന്നെന്നും അവർ ക്ഷമാപണ പോസ്റ്റിൽ പറയുന്നു.
എന്നാൽ ഇതുകൊണ്ടൊന്നും താരങ്ങളുടെ സോഷ്യൽ മീഡിയ പോര് അവസാനിക്കുന്ന മട്ടില്ല. ഇപ്പോഴിതാ റിച്ച ഛദ്ദയെ വിമർശിച്ച അക്ഷയ് കുമാറിനെതിരെ ട്വീറ്റുമായി എത്തിയിരിക്കുകയാണ് പ്രശസ്ത നടൻ പ്രകാശ് രാജ്. അക്ഷയ് കുമാറിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നും, അക്ഷയ് കുമാറിനേക്കാൾ ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ് കുറിച്ചു. ഇപ്പോൾ ഈ ട്വീറ്റിന് എതിരെയും ഒട്ടേറെ പേര് രംഗത്ത് വരുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെ അപമാനിച്ച നടിയെ വിമർശിച്ച അക്ഷയ് കുമാർ ചെയ്തതിൽ തെറ്റില്ലെന്നാണ് ഒട്ടേറെ പേർ പറയുന്നത്. പ്രകാശ് രാജിന്റെ പല നിലപാടുകളും രാജ്യ താല്പര്യത്തിന് എതിരാണെന്നും അദ്ദേഹത്തെ വിമർശിക്കുന്നവർ പറയുന്നു. ഏതായാലും വലിയ വിവാദമായി മാറിയ ഈ റിച്ച ഛദ്ദ സംഭവത്തിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുമായി ഒട്ടേറെ പേർ മുന്നോട്ട് വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം