‘ഇന്ത്യയുടെ എഡിസൺ’ ആവാൻ മാഡ്ഡി; ‘ജി.ഡി.എൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ തുടങ്ങി

Advertisement

ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത്

‘ഇന്ത്യയുടെ എഡിസൺ’ എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ വേഷത്തിലൂടെ മായാത്ത മുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ് ആർ. മാധവൻ. മാധവനെ നായകനാക്കി കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ജി.ഡി.എൻ എന്നാണ് പേരിട്ടിരിക്കുന്നത്. “റോക്കട്രി: ദി നമ്പി ഇഫക്റ്റ്” എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം, വർഗീസ് മൂലൻ പിക്‌ചേഴ്‌സും, ട്രൈകളർ ഫിലിംസും, മീഡിയ മാക്സ് എന്റർടൈൻമെന്റസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ പോസ്റ്റർ മാധവൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും വേണം” എന്ന ഹൃദയംഗമമായ അടിക്കുറിപ്പോടെ തന്റെ ആവേശവും പ്രകടിപ്പിച്ചു.

ഔദ്യോഗികമായി ആരംഭിച്ച ബയോപിക്കിന്റെ ഇന്ത്യയിലെ ഷെഡ്യൂളിൽ പ്രിയാമണി, ജയറാം, യോഗി ബാബു എന്നിവരും അഭിനയിക്കും. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ‘ഇന്ത്യയുടെ എഡിസൺ’, ‘കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്’ എന്നുള്ള പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത ശാസ്ത്രജ്ഞനും ദേശീയ നായകനുമായ, ജി. ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രതിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ ചിത്രീകരിക്കുന്നത്. വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ സോണൽ പണ്ടേ,സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമാതാക്കളാവുന്നു.ചിത്രത്തിന്റെ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായി അരവിന്ദ് കമലനാഥൻ നിർവഹിക്കുമ്പോൾ മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആവുന്നു.

Advertisement

ചിത്രത്തെക്കുറിച്ച് സംസാരിക്കവേ നിർമാതാക്കൾ പറഞ്ഞു, “സംവിധായകനും സംഘവും മൂന്ന് മുതൽ അഞ്ച് വർഷത്തിലേറെയായി ശാസ്ത്രജ്ഞനായ ജി.ഡി നായിഡുവിൻ്റെ ജീവിതത്തെക്കുറിച്ച് ഗവേഷണം നടത്തുന്നു. ശാസ്ത്രത്തിനും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്കും നീതി പുലർത്താൻ ഞങ്ങളുടെ ടീം ആഗ്രഹിക്കുന്നതിനാലാണ് ഇത് ചെയ്തത്.” തമിഴിൽ ചിത്രീകരിക്കുന്ന സിനിമ തമിഴ് കൂടാതെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുക. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close