ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറെ പ്രശസ്തനായ, ഒട്ടേറെ ആരാധകരുള്ള നടനാണ് മാധവൻ. തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തനായ അദ്ദേഹം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പണ്ടൊരു ക്രിക്കറ്റ് താരത്തിന്റെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാൻ ശ്രമിച്ചപ്പോൾ തനിക്കുണ്ടായ വേദനാജനകമായ അനുഭവം വെളിപ്പെടുത്തുകയാണ് മാധവൻ. സെൽഫി സമ്പ്രദായമൊന്നുമില്ലാതെയിരുന്ന ഒരു കാലത്തു ആളുകൾ ഏറ്റവും കൂടുതൽ ശ്രമിച്ചിരുന്നത് തങ്ങൾ ആരാധിക്കുന്ന താരങ്ങളുടെ ഒരു ഓട്ടോഗ്രാഫ് കിട്ടാനായിരുന്നു. അത് നിധി പോലെ സൂക്ഷിച്ചു വെക്കുന്നവരുമുണ്ട്. മണിക്കൂറുകൾ കാത്തു നിന്ന് ഇന്ന് ഫോട്ടോ എടുക്കുന്നത് പോലെ അന്ന് ഓട്ടോഗ്രാഫ് വാങ്ങിയിരുന്നു ആരാധകർ. എന്നാൽ തന്റെ എട്ടാം വയസില്‍ ക്രിക്കറ്റ് താരത്തിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങാൻ പോയ അനുഭവം തന്നെ ആഴത്തിൽ വേദനിപ്പിച്ചു എന്നും ആ അനുഭവം തന്റെ ചിന്തകളെ പോലും മാറ്റിയെന്നും മാധവൻ ഒരു കോണ്‍ക്ലേവിൽ തുറന്നു പറയുന്നു.
ഒരു ക്രിക്കറ്റ് താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനാണ് താൻ പോയതെന്നും, താൻ ചെന്നപ്പോൾ അദ്ദേഹം അവിടെയിരുന്നു ആരോടോ സംസാരിക്കുകയായിരുന്നു എന്നും മാധവൻ ഓർക്കുന്നു. അതുവരെ 50 ഓട്ടോഗ്രാഫെങ്കിലും അദ്ദേഹം ഒപ്പിട്ടിട്ടുണ്ടാവും എന്നും മാധവൻ പറയുന്നു. അങ്ങനെ വളരെ സന്തോഷത്തോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന മാധവന്റെ മുഖത്ത് പോലും നോക്കാതെയാണ് ആ ക്രിക്കറ്റ് താരം ഓട്ടോഗ്രാഫ് ഒപ്പിട്ടു നൽകിയത് എന്നും മാധവൻ പറഞ്ഞു. അത് തന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവമായിരുന്നു എന്നാണ് അദ്ദേഹം തുറന്നു പറയുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തി ശരിയാണോ തെറ്റാണോ എന്നതല്ല താൻ പറയാൻ ഉദ്ദേശിക്കുന്നതെന്നും മാധവൻ വ്യകത്മാക്കി. എന്നാൽ അതിനു ശേഷം തന്റെ ജീവിതത്തില്‍ ആർക്കെങ്കിലും ഓട്ടോഗ്രാഫ് ഒപ്പുവയ്ക്കേണ്ട അവസരമുണ്ടായാൽ അവരുടെ കണ്ണുകളിലേക്ക് നോക്കിയാവും ഓട്ടോഗ്രാഫ് ഒപ്പുവയ്ക്കുകയെന്നും അന്നു തീരുമാനിച്ചിരുന്നതായാണ് മാധവൻ വെളിപ്പെടുത്തുന്നത്. പ്രപഞ്ചത്തിന്റെ ഗൂഢാലോചന എന്ന് അടിക്കുറിപ്പ് നൽകിയാണ് താൻ സംസാരിക്കുന്ന വീഡിയോ മാധവൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചിരിക്കുന്നത്.