രണ്ടു ദിവസം മുൻപാണ് കോവിഡ് 19 ദുരിതാശ്വാസത്തിനായി പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ലോറെൻസ് മൂന്നു കോടി രൂപ നൽകിയത്. തന്റെ അടുത്ത ചിത്രമായ ചന്ദ്രമുഖി 2ന് ലഭിച്ച അഡ്വാൻസ് തുക മുഴുവൻ അദ്ദേഹം കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകുകയായിരുന്നു. അമ്പതു ലക്ഷം രൂപ പ്രധാന മന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയ രാഘവ ലോറൻസ് അമ്പതു ലക്ഷം രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും, അൻപതു ലക്ഷം തമിഴ് സിനിമയിലെ ദിവസ വേതനക്കാർക്കു നൽകാനുള്ള ഫെഫ്സിയുടെ ഫണ്ടിലേക്കും നൽകി. ഡാൻസർ യൂണിയനും അദ്ദേഹം അമ്പതു ലക്ഷം തന്നെ നൽകിയപ്പോൾ വയ്യാത്ത കുട്ടികൾക്ക് വേണ്ടി 25 ലക്ഷവും മാറ്റി വെച്ചു. താൻ ജനിച്ച റോയപുരത്തെ ദിവസ വേതനക്കാരായ ജീവനക്കാർക്ക് വേണ്ടി 75 ലക്ഷമാണ് അദ്ദേഹം മാറ്റി വെച്ചത്.
പക്ഷെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് താൻ നൽകിയ തുക എത്രത്തോളം അപര്യാപ്തമാണെന്ന് പിന്നീട് ആണ് തനിക്കു മനസിലായാതെന്നും അത്കൊണ്ട് കൂടുതൽ എന്തെങ്കിലും ഇനിയും ചെയ്യണമെന്നാണ് കരുതുന്നതെന്നും ലോറൻസ് പറയുന്നു. പുതിയ സഹായ പ്രഖ്യാപനം തമിഴ് പുതുവർഷ ദിനമായ 14ന് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ ട്വീറ്റിലൂടെ ആണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ലോറൻസിന്റെ വാക്കുകൾ ഇങ്ങനെ, “സുഹൃത്തുക്കളെ, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്ക് അഭിനന്ദനവുമായെത്തിയ എല്ലാവർക്കും നന്ദി. കീഴ്പ്പെടുത്തുന്നതായിരുന്നു ആ സ്‌നേഹം. എന്നാൽ ആ സംഭാവനവാർത്തയായതിന് ശേഷം എന്നെത്തേടി ഒരുപാട് വിളികളെത്തി, കത്തുകളും. കൂടുതൽ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അവ. ഹൃദയം തകർക്കാൻ ശേഷിയുള്ളവയായിരുന്നു അവ. എന്റെ മൂന്ന് കോടി സംഭാവന അപര്യാപ്തമാണെന്ന് മനസിലായി. കൂടുതൽ സഹായങ്ങൾ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് സത്യസന്ധമായും അപ്പോൾ തോന്നിയത്.അതുകൊണ്ട് എന്നെ തേടിയെത്തുന്ന വിളികൾക്ക്, ഞാൻ തിരക്കിലാണെന്ന് മറുപടി കൊടുക്കാൻ അസിസ്റ്റന്റ്‌സിനോട് നിർദേശിച്ചു. പക്ഷേ റൂമിലെത്തി ഇതേക്കുറിച്ച് ആലോചിച്ചപ്പോൾ വളരെ മോശമാണ് ചെയ്തതെന്ന് തോന്നി. ആളുകൾ കരയുന്ന ചില വീഡിയോകളും അന്ന് കണ്ടിരുന്നു.രാത്രി ഉറങ്ങാൻ സാധിച്ചില്ല. ആഴത്തിൽ ചിന്തിച്ചു. ഈ ലോകത്തിലേക്ക് വന്നപ്പോൾ ഒന്നും കൂടെകൊണ്ടുവന്നില്ലല്ലോ എന്ന് തോന്നി. പോവുമ്പോഴും അങ്ങനെ തന്നെ അല്ലേ. ക്ഷേത്രങ്ങളെല്ലാം ഇപ്പോൾഅടച്ചിരിക്കുകയാണ്. കഷ്ടപ്പെടുന്ന മനുഷ്യരുടെ വിശപ്പിലാണ് ദൈവം ഇപ്പോഴുള്ളതെന്നാണ് ഞാൻവിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ച്, ദൈവത്തിന് കൊടുത്താൽ അത് പൊതുജനത്തിൽ എത്തില്ല.പക്ഷേ, ജനത്തിന് നൽകിയാൽ അത് ദൈവസന്നിധിയിൽ എത്തും. കാരണം എല്ലാവരിലും ദൈവമുണ്ട്.ദൈവം എന്നെ വീട്ടിലിരിക്കാൻ അനുവദിച്ചിരിക്കുകയാണ്, പക്ഷേ ഇത് യഥാർത്ഥത്തിൽ ചില കടമകൾനിറവേറ്റാനുള്ള സമയമാണ്. അതിനാൽ എന്നാൽ കഴിയാവുന്നതെല്ലാം പൊതുജനത്തിനും സർക്കാരിനുമായി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു”.