കമൽ സർ ബീസ്റ്റ് മോഡിൽ; വിക്രത്തെ പുകഴ്ത്തി ജോൺ കൊക്കൻ

Advertisement

തെന്നിന്ത്യയിലെ പ്രശസ്ത നടന്മാരിലൊരാളായ ജോൺ കൊക്കൻ, വിക്രമെന്ന ചിത്രം കണ്ടതിനു ശേഷം പങ്കുവെച്ച അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സിനി ഉലകം എന്ന തമിഴ് മീഡിയയോടാണ് അദ്ദേഹം ഈ ചിത്രം കണ്ടതിനു ശേഷമുള്ള തന്റെ ആവേശം പങ്കു വെച്ചത്. അതിഗംഭീരമാണ് വിക്രമെന്നും, കമൽ ഹാസൻ ബീസ്റ്റ് മോഡിലാണ് ഈ ചിത്രത്തിൽ ഉള്ളതെന്നും ജോൺ കൊക്കൻ പറയുന്നു. ഫഹദ് ഫാസിലിന്റെ അഭിനയം അതിശയിപ്പിച്ചെന്ന് പറഞ്ഞ ജോൺ കൊക്കൻ, വില്ലൻ എന്നാൽ അത് വിജയ് സേതുപതിയുടെ കഥാപാത്രം പോലെയാവണമെന്നും ഞെട്ടിക്കുന്ന പ്രകടനമാണ് അദ്ദേഹം നൽകിയതെന്നും പറഞ്ഞു. നരെയ്ൻ കാഴ്ച വെച്ച പ്രകടനത്തേയും അഭിനന്ദിച്ച ജോൺ കൊക്കൻ, സൂര്യയുടെ അതിഥി വേഷത്തേയും പ്രശംസ കൊണ്ട് മൂടി. ചിത്രത്തിന്റെ ഫൈറ്റ് മേക്കിങ്, പശ്‌ചാത്തല സംഗീതം തുടങ്ങി മറ്റു സാങ്കേതിക വശങ്ങളെല്ലാം ഗംഭീരമായെന്നും അദ്ദേഹം പറയുന്നു. തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടേറെ വലുതും ചെറുതുമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ജോൺ കൊക്കന് കരിയറിൽ ബ്രേക്ക് നൽകിയത് പാ രഞ്ജിത് ഒരുക്കിയ ആര്യ ചിത്രമായ സർപ്പട്ട പരമ്പരയിലെ വില്ലൻ വേഷമാണ്.

ലോകേഷ് കനകരാജ് രചിച്ചു സംവിധാനം ചെയ്ത വിക്രം നിർമ്മിച്ചിരിക്കുന്നതും ഉലക നായകൻ കമൽ ഹാസനാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ഈ ചിത്രം ഇതിനോടകം 350 കോടിയാണ് ആഗോള ഗ്രോസ്സായി നേടിയിരിക്കുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവൻ വലിയ രണ്ടാമത്തെ ആഗോള ഗ്രോസറാണ് വിക്രം. മേല്പറഞ്ഞവരെ കൂടാതെ കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ, ഗായത്രി ശങ്കർ എന്നിവരും വിക്രത്തിന്റെ താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ സഹരചയിതാവായി ജോലി ചെയ്തത് രത്‌നകുമാറാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close