![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/09/jayaram-daughter-malavika-was-firstly-casted-for-varane-avashyamund-movie.jpg?fit=1024%2C592&ssl=1)
സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ദുൽഖറിന്റെ വെയ്ഫറർ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്. കോമഡി ഡ്രാമ എന്ന ജോണറിൽ അണിയിച്ചൊരുക്കിയ ചിത്രം നിരൂപക പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയവും കരസ്ഥമാക്കിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശന് പകരം ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മറ്റൊരു താരപുത്രിയെ ആയിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നടൻ ജയറാമാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ വരനെ ആവശ്യമുണ്ട് എന്ന സമീപകാല ഹിറ്റ് ചിത്രത്തിൽ നായിക വേഷത്തിൽ അനൂപ് സത്യൻ ആദ്യം കണ്ടിരുന്നത് മാളവികയെയായിരുന്നു എന്ന് ജയറാം വ്യക്തമാക്കി. പിന്നീട് പ്രിയദർശന്റെ മകളായ കല്യാണിയാണ് നായിക വേഷം കൈകാര്യം ചെയ്തിരുന്നത്. താൻ എന്തുകൊണ്ട് ആ ചിത്രം സ്വീകരിച്ചില്ല എന്ന കാരണവും മാളവിക എന്ന ചക്കി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു സിനിമ ചെയ്യാനുള്ള പക്വത ഇതുവരെ തനിക്ക് വന്നട്ടില്ലയെന്നും പക്വത വന്നു എന്ന ബോധ്യം തനിക്ക് വരുമ്പോൾ നല്ല ഓഫറുകൾ സ്വീകരിക്കുമെന്ന് ചക്കി വ്യക്തമാക്കി. താനിപ്പോൾ മോഡലിങാണ് കൂടുതലായി ചെയ്യുന്നതെന്ന് താരം കൂട്ടിച്ചേർത്തു. ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ മലയാള സിനിമയിലെക്കുള്ള വരവിനായാണ് സിനിമ പ്രേമികൾ ഇപ്പോൾ കാത്തിരിക്കുന്നത്. ജയറാം- മാളവിക എന്നിവർ ചേർന്ന് അഭിനയിച്ച ഒരു പരസ്യം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ജയറാമിന്റെ മകനായ കാളിദാസ് മലയാളം, തമിഴ് എന്നീ ഭാഷകളിൽ നായകനായി ഇപ്പോൾ സിനിമയിൽ സജീവമാണ്.