മലയാളത്തിലെ വനിതാ സംഘടന എന്ന പേരിലാരംഭിച്ച ഡബ്ള്യു സി സിക്കു നേരെയുള്ള വിമർശന ശരങ്ങൾ അവസാനിച്ചിട്ടില്ല. സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച സംഘടനയിലെ സ്ത്രീ വിരുദ്ധത തന്നെയാണ് ഇപ്പോൾ പലരും തുറന്നു പറയുന്നത്. അത് സംഘടനയിലെ അംഗങ്ങൾ തന്നെയാവുമ്പോൾ പ്രശ്നങ്ങളുടെ രൂക്ഷത കൂടുക തന്നെയാണ്. സംവിധായിക വിധു വിൻസെന്റ് വനിതാ സംഘടനയിൽ നിന്ന് രാജി വെച്ച് കൊണ്ട്, വെളിപ്പെടുത്തിയ വസ്തുതകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷം ശ്രദ്ധ നേടിയത് വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യർ തുറന്നു പറഞ്ഞ സത്യങ്ങളാണ്. അതിനു പിന്തുണയുമായി പ്രശസ്ത മലയാള നടി ഐശ്വര്യ ലക്ഷ്മിയടക്കം രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രശസ്ത മലയാള നടൻ ഹരീഷ് പേരാടി ഈ വിഷയവുമായി ബന്ധപ്പെട്ട്, തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ നടത്തിയ പ്രതികരണം വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്.
തന്റെ ഫേസ്ബുക് പോസ്റ്റിൽ ഹരീഷ് പേരാടി കുറിച്ച വാക്കുകൾ ഇങ്ങനെ, എന്താണ് wcc?. നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു. സ്ത്രികൾ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു. കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?. ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണമെന്താണ് ?. പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം. നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. മറുപടി പറഞ്ഞേ പറ്റു.