![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/03/actor-director-sohan-seenulal-about-bheeshma-parvam-words-getting-attention.jpg?fit=1024%2C592&ssl=1)
മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം മികച്ച വിജയം നേടി മുന്നേറുകയാണ്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും അദ്ദേഹം തന്നെയാണ്. ഈ ചിത്രം രചിച്ചിരിക്കുന്നത് അമൽ നീരദും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ഈ ചിത്രത്തിൽ. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിനെ പുകഴ്ത്തി മുന്നോട്ടു വന്നിരിക്കുകയാണ് സംവിധായകനും നടനുമായ സോഹൻ സീനുലാൽ.
അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “100 % ആളുകളെ കയറ്റി സിനിമ പ്രദർശ്ശിപ്പിക്കാൻ സർക്കാർ അനുമതി ലഭിച്ചതിനു പിന്നാലെയാണ് ഭീഷ്മപർവ്വം എന്ന സിനിമ റിലീസ് ആകുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് സംഘടിപ്പിച്ചത്. ടിക്കറ്റുമായി തീയറ്ററിന്റെ അകത്തേക്ക് പ്രവേശിച്ചപ്പോൾ കണ്ട കാഴ്ച്ച എന്നെ കോരിത്തരിപ്പിക്കുന്നതായിരുന്നു. എത്രയോ വർഷങ്ങൾക്ക് ശേഷമാണീ കാഴ്ച്ച കാണുന്നത്, സ്ക്രീനിന്റെ മുൻവശത്തെ സീറ്റ് മുതൽ ഏറ്റവും പിന്നിലെ സീറ്റ് വരെ നിറഞ്ഞുനിൽക്കുന്ന ജന സാഗരം. ഒരു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തീയേറ്റർ എക്സ്പീരിയൻസ് മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു. ആവേശം അലതല്ലി നിൽക്കുന്ന അന്തരീക്ഷം. മമ്മൂട്ടി എന്ന നടനിലും അമൽ നീരദ് എന്ന സംവിധായകനിലും ജനം നൽകിയിരിക്കുന്ന വിശ്വാസം കൂടിയാണ് ഈ തിരക്ക്. തിരശ്ശീല മെല്ലെ ഉയർന്നു. സിനിമ തുടങ്ങി. കരഘോഷങ്ങളും ആർപ്പുവിളികളും.. മമ്മുക്കയുടെ ഓരോ പഞ്ച് സംഭാഷണങ്ങൾക്കും കൈയടി.. കൂടാതെ തങ്ങളുടെ ഇഷ്ടതാരങ്ങളെ സ്ക്രീനിൽ ആദ്യമായി കാണിക്കുമ്പോൾ അവരോടുള്ള സ്നേഹപ്രകടനത്തിന്റെ കൈയടി… അടിക്ക് കൈയടി. ഇടിക്ക് കൈയടി… ചിരിക്ക് കൈയടി… നല്ലൊരു ഷോട്ട് കണ്ടാൽ ആ എഫർട്ടിന് കൈയടി.. ഈ കൈയടികൾ മലയാളികൾ എത്രത്തോളം സിനിമയെ ഇഷ്ടപ്പെടുന്നു എന്നും സിനിമയെ, അതിന്റെ സാങ്കേതികത്വത്തെ എത്രമാത്രം മനസ്സിലാക്കിയിരിക്കുന്നു എന്നതിന്റെയൊക്കെ തെളിവുകളാണ്. നമുക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതിയ ആ സുവർണ്ണ നാളുകൾ തിരിച്ച് ലഭിച്ചിരിക്കുകയാണ്. ഒരു കാന്തിക വലയമുണ്ട് തിയറ്ററിനുള്ളിൽ… ഓരോ ഇമോഷനുകളും ആ വലയത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ കാണിയേയും ചുറ്റി തിയറ്ററിനുള്ളിൽ നിറയുന്നത് പലപ്പോഴും നാം അറിയാതെ സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. പ്രതിഭാശാലികളായ ചലച്ചിത്രകാരന്മാർ നെയ്‌തെടുക്കുന്ന ആ വലയത്തിൽ നാം അറിയാതെ കരയും, ചിരിക്കും, കൈയടിക്കും…. അത്തരത്തിൽ സിനിമ പൂർണ്ണമായ അർത്ഥത്തിൽ ആസ്വദിക്കാൻ അവസരം ഒരുക്കിയ ഭീഷ്മപർവ്വം സിനിമയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നതിനോടൊപ്പം മലയാള സിനിമകളെല്ലാംതന്നെ ഇത്തരത്തിൽ നിറഞ്ഞ സദസ്സിൽ ഇരുന്ന് കാണാനുള്ള അവസരം സിനിമാസ്വാദകർക്ക് എന്നും ലഭിക്കട്ടെ എന്നും ആശംസിക്കുന്നു..”