
കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രശസ്ത തെന്നിന്ത്യൻ നടനായ ദേവൻ റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയിൽ പങ്കെടുക്കവെ നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ലോക സിനിമയിലെ മികച്ച പത്തു നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒരാൾ മമ്മൂട്ടി ആയിരിക്കുമെന്ന് ദേവൻ പറഞ്ഞു. അപ്പോൾ മോഹൻലാലോ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ ആ ലെവൽ വരില്ല എന്നാണ് ദേവൻ പറഞ്ഞത്. അതിനൊപ്പം തന്നെ, അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ മമ്മൂട്ടിയേക്കാൾ മികച്ച നടനായി താൻ മാറിയേനെ എന്നും ദേവൻ ആ അഭിമുഖത്തിൽ പറഞ്ഞു. ഏതായാലും ദേവന്റെ പരാമർശങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചര്ച്ചയാവുകയും ഒരു വിവാദത്തിൽ വരെ ചെന്നെത്തുകയും ചെയ്തു. ഇപ്പോഴിതാ കൗമുദി ചാനലിൽ കഴിഞ്ഞ ദിവസം വന്ന ദേവന്റെ അഭിമുഖത്തിൽ താൻ അന്ന് പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി വിശദീകരിച്ചിരിക്കുകയാണ് ദേവൻ. തന്നെ അന്ന് കാര്യങ്ങൾ പൂർണ്ണമായും വിശദീകരിക്കാൻ അവർ അനുവദിക്കാത്തത് കൊണ്ടാണ് ഈ വിവാദം ഉണ്ടായത് എന്നാണ് ദേവൻ പറയുന്നത്.
പുതിയ അഭിമുഖത്തിൽ ദേവൻ വിശദീകരിക്കുന്നത്, മോഹൻലാലിനെ താൻ ആ ലിസ്റ്റിൽ ഉൾപ്പെടുത്താത്തതു അദ്ദേഹം താരതമ്യങ്ങൾക്കു അതീതനായ നടൻ ആയതു കൊണ്ടാണെന്നും ലോകത്തിലെ ഏറ്റവും മികച പത്തു നടന്മാരുടെ ഒരു ലിസ്റ്റിനേക്കാളും മുകളിൽ ആണ് മോഹൻലാൽ എന്ന പ്രതിഭയെന്നും ദേവൻ പറഞ്ഞു. മമ്മൂട്ടിയേക്കാളും ലോക സിനിമയിലെ മറ്റേതു മികച്ച അഭിനേതാവിനേക്കാളും മുകളിൽ ആണ് മോഹൻലാലിന്റെ സ്ഥാനമെന്നും എന്നാൽ അത് വിശദീകരിക്കാൻ തനിക്കു അന്നവർ സമയം തരാത്തത് കൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ദേവൻ പറയുന്നു. രജനികാന്ത്, എസ് എസ് രാജമൗലി എന്നിവരെയൊക്കെ പോലെ ഭാഷക്കും താരതമ്യങ്ങൾക്കും ഒക്കെയാതീതനായാണ് മോഹൻലാൽ നിൽക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭാവ ചലനങ്ങളും ഫ്ലെക്സിബിലിറ്റിയും അതുപോലെ തന്നെ ഏതു കഥാപാത്രവും ചെയ്യാനുള്ള മികവുമാണ് അദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും മികച്ച നടനാക്കി മാറ്റുന്നതെന്നാണ് ദേവൻ അഭിപ്രായപ്പെടുന്നത്.