തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 1995ലിറങ്ങിയ ബാഷ. ആ ചിത്രത്തിലെ അദ്ദേഹത്തിന്റെ ആക്ഷനും കിടിലൻ ഡയലോഗുകൾക്കും ഇന്നും ആരാധകർ ഏറെയാണ്. രജനികാന്ത് അവതരിപ്പിച്ച നായക കഥാപാത്രമായ ബാഷക്കൊപ്പം ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളും വലിയ രീതിയിൽ അന്ന് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അതിലൊന്നായിരുന്നു ബാഷയുടെ സുഹൃത്തായ അന്‍വർ. ആ കഥാപാത്രത്തിന് അന്ന് ജീവൻ പകർന്നു കയ്യടി നേടിയത് പ്രശസ്ത നടനായ ചരണ്‍ രാജ് ആയിരുന്നു. അദ്ദേഹം ഇപ്പോൾ ആ ചിത്രത്തെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കു വെക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഈ ഓർമ്മകൾ തുറന്നു പറയുന്നത്.
അന്‍വറിനായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നെന്നും പിന്നീടാണ് ആ വേഷം തനിക്ക് ലഭിക്കുന്നതെന്നും ഈ നടൻ പറയുന്നു. അത് മമ്മൂട്ടി ചെയ്യാനിരുന്ന കഥാപാത്രമായിരുന്നെന്ന് രജനി സാര്‍ ആണ് തന്നോട് പറഞ്ഞതെന്നും ആ സമയത്ത് അവര്‍ രണ്ട് പേരും ദളപതിയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നല്ലോ എന്നും ചരൺ രാജ് ഓർത്തെടുക്കുന്നു. അവർ ദളപതിയില്‍ ഒരുമിച്ച് അഭിനയിച്ചു ഒരുപാട് നാളുകൾ ആവാത്തത് കൊണ്ട് ആ കോമ്പിനേഷൻ വേണ്ട എന്ന് തീരുമാനിച്ചപ്പോഴാണ് തനിക്കു നറുക്കു വീണത് എന്നും ചരൺ രാജ് പറഞ്ഞു. സിനിമയില്‍ അധിക നേരമൊന്നും താന്‍ കടന്നുവരുന്നില്ലെങ്കിലും ജനങ്ങള്‍ ആ വേഷം ഇന്നും ഓര്‍ക്കുന്നുണ്ടെന്നും ആ വേഷത്തിന് ഏറെ അഭിനന്ദനം ലഭിച്ചുവെന്നും ചരൺ പറയുന്നു. സിനിമയുടെ ഗതി മാറ്റി മറിക്കുന്നത് തന്നെ ഈ കഥാപാത്രത്തിന്റെ മരണമാണ്. സുരേഷ് കൃഷ്ണയാണ് ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്തത്.