ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്നു. കടക്കൽ ചന്ദ്രൻ എന്ന ശക്തനായ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുമ്പോൾ ഒപ്പം മലയാളത്തിലെ പ്രമുഖരായ മറ്റു താരങ്ങളും അണിനിരക്കുന്നു. മുരളി ഗോപി, നിമിഷ സജയൻ, രഞ്ജിത്ത്, ജോജു ജോർജ്, മധു, സലിംകുമാർ, തുടങ്ങിയ നീണ്ട താരനിര വണ്ണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനശ്വര കലാകാരൻ കുതിരവട്ടം പപ്പുവിന്റെ മകനായ ബിനു പപ്പു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസിനൊരുങ്ങിരിക്കുന്ന ചിത്രത്തെക്കുറിച്ച് ബിനു പപ്പു നടത്തിയ പരാമർശം ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടരിക്കുകയാണ്. സാങ്കേതികമായ കാരണങ്ങൾക്കൊണ്ട് വൺ ഉൾപ്പെടെയുള്ള നിരവധി മലയാള ചിത്രങ്ങളുടെ റിലീസ് തിയ്യതി നീട്ടിവെച്ചിരിക്കുകയാണ്. ഏവരും കാത്തിരിക്കുന്ന വൺ എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്ന തരത്തിലാണ് ബിനു പപ്പു നടത്തിയ പ്രസ്താവന ചർച്ചചെയ്യപ്പെടുന്നത്.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വണ്ണിനെക്കുറിച്ച് വാചാലനായത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: വൺ തിയേറ്ററിൽ ഇരുന്നു കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും. കാരണം വൺ എന്ന ചിത്രം നിങ്ങൾക്ക് പൂർണ്ണമായും വ്യത്യസ്തമായ ഒരു അനുഭവം നൽകും. പൊളിറ്റിക്കൽ ഡ്രാമ ആണെങ്കിലും വൺ നമുക്ക് നൽകുന്നത് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും. ഞാൻ സിനിമയിൽ അഭിനയിച്ചു എന്ന് അറിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു ഒരു മാസ് പടമാണോ എന്ന്, മാസ് എന്നൊരു ഫാക്ടർ ആ സിനിമയിലുണ്ട് പക്ഷേ ആ സിനിമ അതിലും മേലെ ആണ് നിൽക്കുന്നത്. നിങ്ങൾ തീയറ്ററിൽ വന്ന് എല്ലാവരുടെയും കൂടെ ഇരുന്ന് കാണുമ്പോൾ അത് തീർച്ചയായും മനസ്സിലാകും. ആ പടം എന്താണ് എന്നുള്ളത്. ബിനു പപ്പുവിന്റെ ഈ വാക്കുകൾ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വലിയ ആവേശമാണ് നൽകുന്നത്. നിലവിലെ പ്രതിസന്ധി എല്ലാം മറികടന്ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ.