സിനിമയിലും ജീവിതത്തിലും ചങ്കൂറ്റമുള്ളവൻ ആയിരുന്നു; പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനോട് നേരിട്ട്‌ പരാതി പറഞ്ഞ തിലകൻ..!

Advertisement

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അന്തരിച്ചു പോയ പ്രശസ്ത നടൻ തിലകൻ. അഭിനയ കലയുടെ കുലപതികളിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ഒട്ടേറെ ശക്തമായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ്. നായകൻ ആയും വില്ലനായും സഹ നടനായും സ്വഭാവ നടനായുമെല്ലാം തിലകൻ കെട്ടിയാടാത്ത വേഷങ്ങളില്ല. സിനിമയിൽ ചങ്കൂറ്റമുള്ള ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ തിലകൻ ജീവിതത്തിലും അതുപോലെ തന്നെയായിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെയും മുഖത്തു നോക്കി പറയാനും ന്യായത്തിന്റെ ഭാഗത്ത് നിലകൊള്ളാനും അദ്ദേഹം എന്നും ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത നടൻ ബിനോയ് നമ്പാല, തിലകൻ എന്ന നടന്റെ ആ ചങ്കൂറ്റത്തെ കുറിച്ച് എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്.

ബിനോയ് നമ്പാല കുറിച്ച വാക്കുകൾ ഇങ്ങനെ, സിനിമ തന്ന സമ്മാനം. തിലകൻ സർ നല്ല പ്രായത്തിൽ പട്ടാളത്തിലായിരുന്നു. അങ്ങനെയിരിക്കെ കാശ്മീരിലെ അതിശൈത്യത്തിൽ അദ്ദേഹത്തിൻ്റെ കാലുകൾക്ക് ക്ഷതം സംഭവിക്കുകയും, ഒരു കാൽ മുറിച്ച് കളയാൻ പട്ടാളത്തിലെ ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു. 1950 -60 കാലഘട്ടങ്ങളിൽ പട്ടാള ആശുപത്രികളിൽ അത്രക്ക് ഉള്ള സൗകര്യങ്ങളെ ഉണ്ടായിരുന്നുള്ളു. എന്നാൽ കാല് മുറിക്കുന്നതിനെ തിലകൻ സർ നഖശിഖാന്തം എതിർത്തു. കാല് പോകുന്നതിലും നല്ലത് ജീവൻ പോകുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പക്ഷം. പക്ഷെ ഒരു സാധാ പട്ടാളക്കാരന്റെ എതിർപ്പിന് അവിടെ യാതൊരു പരിഗണനയും കിട്ടിയില്ല. മുറിക്കാൻ പോകുന്ന കാലും തടവി പുള്ളി വിഷമിച്ചിരിക്കുമ്പോഴാണ്, അന്നത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു പട്ടാള ആശുപത്രി സന്ദർശിക്കാൻ വരുന്നത്. പ്രധാനമന്ത്രിയോട് സംസാരിക്കാൻ പാടില്ലെന്ന കർശന നിയന്ത്രണം എല്ലാ പട്ടാളക്കാർക്കും കിട്ടിയിരുന്നു.

Advertisement

എന്നാൽ തൻ്റെ കിടക്ക കടന്ന് പോയ നെഹ്‌റുവിനെ തിലകൻ സർ കൈ നീട്ടി തടഞ്ഞ് ഒരു സങ്കടം ബോധിപ്പിക്കാൻ ഉണ്ടെന്ന് പറഞ്ഞു. അനുഭാവത്തോടെ തൻ്റെ കിടക്കക്കരികിലേക്ക് വന്ന പ്രധാനമന്ത്രിയോട്, അദ്ദേഹം തൻ്റെ അവസ്ഥ പറഞ്ഞു. തൻ്റെ സമ്മതത്തോടെയല്ല കാല് മുറിക്കുന്നതെന്നും, തന്നെ വേറെ ആശുപ്രതിയിലേക്ക് മാറ്റണമെന്നും അദ്ദേഹം നെഹ്രുവിനോട് അപേക്ഷിച്ചു. ചുറ്റും നിന്ന് കണ്ണ് ഉരുട്ടിയ മേൽ ഉദ്യോസ്ഥന്മാരുടെ ഭീഷണികൾ തീർത്തും അവഗണിച്ചു കൊണ്ടാണ് കെ.സുരേന്ദ്രനാഥ തിലകൻ ആ പരാതി പറഞ്ഞത്. തിലകനെ കേട്ട് തിരികെ പോയ നെഹ്‌റു, തൻ്റെ ഓഫീസിൽ എത്തിയിട്ട് ആദ്യം ചെയ്തത് അദ്ദേഹത്തെ വേറെ നല്ല ആശുപത്രിലേക്ക് മാറ്റാൻ ഉള്ള ഉത്തരവിടുകയായിരുന്നു, കൂടാതെ, പട്ടാളക്കാരുടെയോ, അവരുടെ അടുത്ത ബന്ധുക്കളുടെയോ അനുവാദം ഇല്ലാതെ കാല് മുറിക്കുന്നത് പോലെയുള്ള ചികിത്സകൾ മേലിൽ പാടില്ലായെന്നും ഉത്തരവിട്ടു. സഫാരി ചാനലിലെ സ്മൃതിയിൽ ജോൺപോൾ സർ വിവരിച്ച സംഭവമാണിത്. തിലകൻ സർ സിനിമയിലും ജീവിതത്തിലും ചങ്കൂറ്റമുള്ളവൻ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷം, തിലകൻ സാറിന്റെയും കല്പന ചേച്ചിയുടേയും കൂടെ ചേർന്ന് നിൽക്കാൻ പറ്റിയതാണ്. രഞ്ജി സർ എനിക്കുവേണ്ടി കരുതിവച്ച സമ്മാനം. ഈ വാക്കുകളോടൊപ്പം തിലകൻ, കല്പന എന്നിവരോടൊപ്പമുള്ള, ഇന്ത്യൻ റുപ്പീ എന്ന ചിത്രത്തിലെ തന്റെ ഒരു ഫോട്ടോയും ബിനോയ് പങ്കു വെച്ചിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close