മലയാളികളുടെ പ്രിയതാരം ബാലയെ തേടി പുതിയ അംഗീകാരം. താരം ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കഴിഞ്ഞ ഡിസംബര്‍ 28 നാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. അമേരിക്കയില്‍ വെച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. കോവിഡ് വ്യാപനം വർധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നടത്തുന്നത്. ചികിത്സാസഹായങ്ങളും താരം നല്‍കുന്നുണ്ട്. നിരവധി പേരുടെ ശസ്ത്രക്രിയാ ചെലവുകളും ബാലയുടെ ട്രസ്റ്റിന്റെ കീഴിൽ വഹിച്ചിരുന്നു. കോവിഡ് കാലത്ത് നിരവധി വീടുകളിൽ ഭക്ഷ്യവിഭവങ്ങളും താരം എത്തിച്ച് നൽകുകയുണ്ടായി.
കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി താരം മാറി. നായകകഥാപാത്രങ്ങളെ പോലെ തന്നെ താരത്തിന്റെ വില്ലൻ വേഷങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം പുലിമുരുകൻ എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിൽ വീണ്ടും സജീവമായിരുന്നു. ലോക്ക് ഡൗണിന് ശേഷം സിനിമയിൽ വീണ്ടും സജീവമാകാൻ തയ്യാറെടുക്കുകയാണ് ബാല. 2019 ൽ പുറത്തിറങ്ങിയ ഫാൻസി ഡ്രസ്സാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. മമ്മൂട്ടിചിത്രമായ ബിലാലിനായി തയ്യാറെടുക്കുകയാണ് നടൻ ഇപ്പോൾ.