
തമിഴകത്തിന്റെ സൂപ്പർ താരമായ രജനികാന്ത് ഇപ്പോൾ ജയിലർ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ശേഷം, തന്റെ മകൾ ഒരുക്കുന്ന ഒരു ചിത്രത്തിലെ അതിഥി വേഷമാണ് രജനികാന്ത് ചെയ്യുക. അതുപോലെ ഡോൺ ഒരുക്കിയ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രവും രജനികാന്ത് ചെയ്യുമെന്ന് വാർത്തകളുണ്ട്. ഇപ്പോഴിതാ, പ്രശസ്ത മലയാള നടനും സംവിധായകനുമായ ബാല ഒരുക്കാൻ പോകുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാല തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഹിറ്റ് ലിസ്റ്റ് എന്നൊരു മലയാള ചിത്രമാണ് ബാല ഇതിനു മുൻപ് സംവിധാനം ചെയ്തത്. താൻ രണ്ടാമതായി ഒരുക്കാൻ പോകുന്നത് രജനികാന്ത് സർ നായകനായി എത്തുന്ന ചിത്രമാണെന്ന് ബാല പറയുന്നു.
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും കെ ഇ ജ്ഞാനവേൽ രാജയും ചേർന്ന് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുകയെന്നും ബാല പറഞ്ഞു. നാൻ വീഴ്വേൻ എൻട്രു നിനെയ്‌ത്തായോ എന്നാണ് ആ ചിത്രത്തിന്റെ പേരെന്നും ബാല വെളിപ്പെടുത്തി. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ശിവയുടെ അനുജൻ കൂടിയാണ് ബാല. മലയാള സിനിമയിലാണ് ഒരു നടനെന്ന നിലയിൽ ബാല വലിയ ജനപ്രീതി നേടിയത്. ഒട്ടേറെ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ബാല, മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെല്ലാമൊപ്പം അഭിനയിച്ച താരമാണ്. തമിഴിലും ശ്രദ്ധേയമായ ചിത്രങ്ങളിൽ ബാല അഭിനയിച്ചിട്ടുണ്ട്. രജനികാന്ത് ചിത്രം കഴിഞ്ഞാൽ ഒരു ദളപതി വിജയ് ചിത്രം ചെയ്യണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്നും ബാല വെളിപ്പെടുത്തി.