മലയാള സിനിമയിലെ എന്നു മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ റൊമാന്റിക് ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 1987 ജൂലൈ 31 ന് റിലീസ് ചെയ്ത തൂവാനത്തുമ്പികൾ എന്ന ചിത്രം. മോഹൻലാലിനെ നായകനാക്കി പി പദ്മരാജൻ രചിച്ചു സംവിധാനം ചെയ്ത ആ ചിത്രത്തിൽ സുമലത, പാർവ്വതി, അശോകൻ, ബാബു നമ്പൂതിരി, ജഗതി ശ്രീകുമാർ, ശ്രീനാഥ് തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിലെ മോഹൻലാലിന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രം, സുമലത അവതരിപ്പിച്ച ക്ലാര, പാർവ്വതിയുടെ രാധ, അശോകന്റെ ഋഷി, ബാബു നമ്പൂതിരിയുടെ തങ്ങൾ എന്നീ കഥാപാത്രങ്ങൾ ഇന്നും സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട കഥാപാത്രങ്ങളാണ്. ഇതിലെ മോഹൻലാലിന്റെ ഓരോ ഡയലോഗുകളും ജോണ്സൻ മാഷിന്റെ പശ്ചാത്തല സംഗീതവുമെല്ലാം ഇന്നത്തെ തലമുറയെ വരെ ഈ ചിത്രത്തിന്റെ കടുത്ത ആരാധകരാക്കി മാറ്റുന്നു. ഇപ്പോഴിതാ ഈ ചിത്രം റിലീസ് ചെയ്ത് ഇന്ന് 33 വർഷങ്ങൾ തികയുമ്പോൾ അതിന്റെ ചിത്രീകരണ സമയത്തെ ഒരനുഭവം പങ്കു വെക്കുകയാണ് നടൻ അശോകൻ.
അശോകൻ പറയുന്നത് മോഹൻലാൽ എന്ന മനുഷ്യന്റെ ക്ഷമയെ കുറിച്ചാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഈ ചിത്രം ഷൂട്ട് ചെയ്യുമ്പോൾ അവിടം മുഴുവൻ വൻ ജനാവലി കൊണ്ട് നിറഞ്ഞു. വന്നിരിക്കുന്നത് മുഴുവൻ മോഹൻലാൽ ആരാധകർ ആണ്. പൊലീസിന് പോലും നിയന്ത്രിക്കാൻ സാധിക്കാത്ത അത്രയും ജനമാണ് അവിടെ തടിച്ചു കൂടിയതെന്നു അശോകൻ ഓർത്തെടുക്കുന്നു. ജനങ്ങളുടെ ബഹളം കാരണം ഷൂട്ടിങ് തടസ്സപ്പെട്ടപ്പോൾ മോഹൻലാൽ തന്നെക്കൊണ്ട് കഴിയുന്നത് പോലെയൊക്കെ അവരെ ശാന്തരാക്കാൻ ശ്രമിച്ചു. ഷൂട്ടിംഗ് കഴിഞ്ഞാല് താൻ അവർക്കിടയിലേക്ക് വരാം എന്ന് വരെ അദ്ദേഹം പറഞ്ഞു. എന്നാൽ അതിനിടയിൽ ഒരാൾ ഓടി വന്നു മോഹൻലാലിന്റെ കയ്യിൽ വലിച്ചു കൊണ്ട് അദ്ദേഹത്തിന്റെ തോളിൽ കയ്യിടുകയും ഷർട്ടിൽ പിടിക്കുകയുമൊക്കെ ചെയ്തു. ഏറ്റവും ക്ഷമയുള്ളവൻ എന്ന് പേരുള്ള അദ്ദേഹത്തിന് പോലും ആ നിമിഷം ദേഷ്യം വരികയും ഓടാൻ തുടങ്ങിയ അവനെ പിടിച്ചു നിർത്തി എന്താടാ എന്ന് ദേഷ്യത്തിൽ ചോദിക്കുകയും ചെയ്തു. എന്നാൽ അവൻ പറഞ്ഞത്, മോഹൻലാലിനെ തൊടാൻ പറ്റും എന്ന് കൂട്ടുകാരോട് പന്തയം വെച്ചിട്ട് വന്നത് ആണെന്നും ലാലേട്ടന്റെ കയ്യിൽ തൊടാം എന്നായിരുന്നു പന്തയം എന്നുമാണ്. അത് കേട്ടതോടെ മോഹൻലാൽ കൂളാവുകയും അദ്ദേഹം അവനെ സമാധാനിപ്പിച്ചു പറഞ്ഞയക്കുകയും ചെയ്തു. ചിത്രത്തിലെ മോഹൻലാൽ- അശോകൻ ടീമിന്റെ സീനുകൾ സൂപ്പർ ഹിറ്റായി മാറിയിരുന്നു.