ഇവൻ മതി എന്നു പറഞ്ഞു മമ്മുക്ക ഒറ്റ പോക്ക്; ലൊക്കേഷനിൽ ചെന്നപ്പോൾ എന്നെയും പിടിച്ചു മമ്മുക്ക നടനാക്കിയ അനുഭവം പങ്കു വെച്ചു അനു മോഹൻ

Advertisement

ചലച്ചിത്ര- സീരിയൽ താരം ശോഭ മോഹന്റെ മക്കളായ വിനു മോഹനും അനു മോഹനും ഇപ്പോൾ മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരമാണ്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ അരങ്ങേറിയ വിനു മോഹൻ പിന്നീട് ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറി. പുലി മുരുകൻ പോലത്തെ വമ്പൻ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിച്ചും കയ്യടി നേടി ഈ നടൻ. വിനുവിന്റെ അനിയൻ അനു മോഹനും ഇപ്പോൾ സിനിമകളിൽ തിളങ്ങുകയാണ്. ഈ അടുത്തിടെ റിലീസായ സൂപ്പർ ഹിറ്റ് പൃഥ്വിരാജ്- ബിജു മേനോൻ- സച്ചി ചിത്രമായ അയ്യപ്പനും കോശിയിലും പോലീസ് വേഷത്തിൽ കയ്യടി നേടുന്ന പ്രകടനമാണ് അനു മോഹൻ കാഴ്ച വെച്ചത്. താൻ സിനിമയിലേക്ക് എത്തിയത് എങ്ങനെയെന്ന അനുഭവം ഏവരുമായും പങ്കു വെക്കുകയാണ് ഈ നടൻ. അതിനു കാരണം മെഗാ സ്റ്റാർ മമ്മൂട്ടിയാണ് എന്നാണ് അനു മോഹൻ പറയുന്നത്. കൗമുദി ടിവിക്കു നൽകിയ അഭിമുഖത്തിലാണ് അനു മോഹൻ ഈ കാര്യം വെളിപ്പെടുത്തുന്നത്.

അനു മോഹന്റെ വാക്കുകൾ ഇപ്രകാരം, “ചട്ടമ്പിനാട് എന്ന സിനിമയിൽ നിന്നായിരുന്നു തുടക്കം. ഞാൻ ബാംഗ്ലൂരിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ലീവിന് വീട്ടിലേക്ക് വന്നതാണ്. ട്രിവാൻഡ്രത്തായിരുന്നു ഞങ്ങൾ അന്ന് താമസിച്ചിരുന്നത്. അന്ന് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അമ്മ പളനിയിലാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ. അച്ഛനും അമ്മയും ചേട്ടനുമൊക്കെ അവിടെയായിരുന്നു. ചട്ടമ്പിനാടിന്റെ ലൊക്കേഷനിൽ. എനിക്ക് ഒരാഴ്ച ലീവ് മാത്രമേ ഉള്ളൂ. അങ്ങോട്ടേക്കൊരു ട്രിപ്പ് അടിക്കാമെന്നു കരുതി കസിനെയും വിളിച്ച് കാറിൽ നേരെ പളനിക്ക് വിട്ടു. അതുവഴി വേറെ എങ്ങോട്ടെങ്കിലും പോകാമെന്ന് പറഞ്ഞിട്ട് ചെന്നു. ഉച്ചസമയത്താണ് ചെന്നത്. ആന്റോ ചേട്ടൻ വന്നിട്ട് പറ‌ഞ്ഞു മമ്മൂക്ക വിളിക്കുന്നുണ്ടെന്ന്. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. എന്നെയോ എന്തിന് എന്ന് ഞാൻ ചോദിച്ചു. അവിടെ ചെന്ന് കുറെ കാര്യങ്ങൾ ചോദിച്ചു. എന്താ പഠിക്കുന്നത് എന്നൊക്കെ. അപ്പഴേക്കും ഷാഫിക്ക വന്നിരുന്നു. എനിക്ക് അപ്പോ ഒന്നും മനസിലായില്ല. പിന്നെയാണ് അവർ പറയുന്നത് സിനിമയിൽ മമ്മൂക്കയുടെ ചെറുപ്പം ചെയ്യാനാണെന്ന്. തിരിച്ചുപോകുന്ന കാര്യമൊക്കെ ചോദിച്ചു. മമ്മൂക്ക പറഞ്ഞു ഇവൻ മതിയെന്ന്. അതും പറഞ്ഞ് ഒരൊറ്റപോക്ക്. അന്ന് ഞാൻ പറ്റില്ല എന്നൊക്കെ. തിരിച്ചുപോകുവാന്ന് പറഞ്ഞു. എനിക്ക് ടെൻഷൻ ആയി. പിന്നെ ഞാൻ ഓക്കെ ചെയ്യാന്ന് പറഞ്ഞു. പെട്ടെന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ഞാൻ അതിൽ അഭിനയിക്കാമെന്ന് പറഞ്ഞത്. അങ്ങനെയായിരുന്നു സിനിമയിലേക്കുള്ള തുടക്കം”. ഏതായാലും മമ്മുക്കയുടെ ചിത്രത്തിൽ തുടങ്ങിയ ഈ യുവ താരം ഇപ്പോൾ മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധ നേടി മുന്നോട്ടുള്ള യാത്ര തുടരുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close