മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ട്ടിച്ചു ഡെറിക്ക് അബ്രഹാം മുന്നേറുകയാണ്. ആദ്യ ദിന കളക്ഷനിൽ ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ മുന്നിട്ട് നിൽക്കുന്നത് ഈ മമ്മൂട്ടി ചിത്രം തന്നെയാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായിമാറിക്കൊണ്ടിരിക്കാണ് ‘അബ്രഹാമിന്റെ സന്തതികൾ’. കസബക്ക് ശേഷം ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിലെ മികച്ച പ്രതികരണം ജി.സി.സി റീലീസിനെയും ഗുണം ചെയ്തു എന്ന് തന്നെ വിശേഷിപ്പിക്കാം. റെക്കോർഡ് റിലീസിന് സാക്ഷിയായി ചിത്രം ജി.സി.സി യിലും പുതിയ റെക്കോർഡ് സൃഷ്ട്ടിക്കുകയാണ്. 10 ദിവസംകൊണ്ട് മാത്രം യു. എ. ഇ യിൽ മാത്രമായി 80,000 ആളുകടെ അടുത്തായി ആളുകൾ ചിത്രം കാണുകയും 5.2 കോടി നേടുകയും ചെയ്തു. ജി.സി.സി റീലീസുകളിൽ മറ്റ് സ്ഥലങ്ങളിലായി 60,000 ആളുകൾ ചിത്രം കാണുകയും 3.4 കോടി നേടുകയും ചെയ്തു. 10 ദിവസത്തെ ജി.സി.സി കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഈ വർഷം പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളുടെ റെക്കോർഡുകൾ മമ്മൂട്ടി ചിത്രം മറികടന്നു എന്നാണ്. 8.6 കോടിയാണ് ജി.സി.സി യിൽ നിന്ന് അബ്രഹാമിന്റെ സന്തതികൾ നേടിയെടുത്തത്. പല സിനിമകളുടെ റിലീസ് നീട്ടിയതും മമ്മൂട്ടി ചിത്രത്തിന് ഗുണം ചെയ്‌തു. രണ്ടാം വാരം പൂർത്തിയാക്കാൻ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കിന് ഒരു കോട്ടം സംഭവിച്ചിട്ടല്ല എന്നതാണ് സത്യം.
അൻസൻ പോൾ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആൽബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാജി പാടൂര്‍- മമ്മൂട്ടി വൈകാതെ വീണ്ടും ഒന്നിക്കും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.