മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആഷിഖ് അബു ഇനി ചെയ്യാൻ പോകുന്ന ചിത്രമാണ് നീലവെളിച്ചം. 1964 ൽ പുറത്തിറങ്ങിയ ഭാർഗവീനിലയം എന്ന സിനിമയുടെ പുനാരാവിഷ്കാരമാണ് നീലവെളിച്ചം. വൈക്കം മുഹമ്മദ് ബഷീർ കഥയും തിരക്കഥയും നിർവഹിച്ച ഭാർഗവീനിലയം മലയാളത്തിലെ എക്കാലത്തെയും എവർഗ്രീൻ ഹൊറർ ചിത്രങ്ങളിൽ ഒന്നാണ്. മധു, പ്രേം നസീർ, വിജയ നിർമല എന്നിവർ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എ വിൻസെന്റ് ആണ്. ഏതായാലും ഇതിന്റെ പുനരാവിഷ്കാരം നിർമ്മിക്കുന്നത് ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ്. ഏപ്രിൽ മാസത്തിൽ ചിത്രീകരം ആരംഭിക്കുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നേരത്തെ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകന്മാരാക്കി പ്രഖ്യാപിച്ച ഈ ചിത്രത്തിൽ നിന്ന് ഡേറ്റ് പ്രശ്നങ്ങൾ കാരണം അവർ പിന്മാറിയതോടെ ആണ് ടോവിനോ, റോഷൻ മാത്യു എന്നിവർ കടന്നു വന്നത്. ഡാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, വൈറസ്, നാരദൻ എന്നിവയെല്ലാം ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആഷിഖ് അബുവും സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രങ്ങൾ ആണ്. സൈജു ശ്രീധരൻ എഡിറ്റ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഗിരീഷ് ഗംഗാധരൻ ആണ്. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുക. ആഷിഖ് അബു- ടോവിനോ ചിത്രമായ നാരദൻ ഈ മാസം മൂന്നിന് ആണ് റിലീസ് ചെയ്തത്. നീലവെളിച്ചം കഴിഞ്ഞു, മമ്മൂട്ടി, മോഹൻലാൽ, ഷാരൂഖ് ഖാൻ എന്നിവരെ വെച്ചും വേറെ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു.