ഗേ ലൗ സ്റ്റോറി സിനിമയാക്കുമോ; മറുപടി നൽകി ആഷിഖ് അബു

Advertisement

മലയാളത്തിലെ ജനപ്രിയ സംവിധായകരിലൊരാളാണ് ആഷിഖ് അബു. ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹം ശക്തമായ പ്രമേയങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ മനസ്സു കാണിക്കുന്ന സംവിധായകനുമാണ്. ഇപ്പോൾ ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന നീലവെളിച്ചം എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണദ്ദേഹം. അതിനിടയിൽ ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകരോട് സംവദിച്ച ആഷിഖ് അബു പറഞ്ഞൊരു മറുപടി ഏറെ ശ്രദ്ധ നേടുകയാണ്. ഗേ ലൗ സ്റ്റോറി പ്രമേയമാക്കി ഒരു ചിത്രമൊരുക്കുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. തീർച്ചയായും അത്തരമൊരു ചിത്രമൊരുക്കുമെന്നായിരുന്നു ആഷിഖ് അബു നൽകിയ മറുപടി. പറഞ്ഞത് ആഷിഖ് അബുവായത് കൊണ്ട് തന്നെ, വളരെ ശക്തമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന അത്തരത്തിലുള്ള ഒരു ചിത്രം പ്രേക്ഷകർക്ക് പ്രതീക്ഷിക്കുകയും ചെയ്യാം.

Advertisement

മലയാളത്തിൽ അത്തരം പ്രമേയങ്ങൾ പറഞ്ഞ ചിത്രങ്ങൾ വളരെ കുറവാണ്. മൈ ലൈഫ് പാർട്ണർ, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളാണ് അത്തരം വിഷയങ്ങൾ ചർച്ച ചെയ്തത്. ടോവിനോ തോമസ് തന്നെ നായകനായ നാരദൻ ആണ് ആഷിഖ് അബു സംവിധാനം ചെയ്ത് ഈ വർഷം പുറത്തു വന്ന ചിത്രം. ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനത്തെ വിമർശിക്കുന്ന ഒരു ചിത്രമായിരുന്നു നാരദൻ. അതിന് മുമ്പ് വൈറസ്, മായാനദി എന്നീ ആഷിഖ് അബു ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഡാഡി കൂൾ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ആഷിഖ് അബുവിന് കിട്ടിയ ആദ്യത്തെ സൂപ്പർ ഹിറ്റാണ് ആസിഫ് അലി, ലാൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സാൾട്ട് ആൻഡ് പെപ്പർ. അതിന് ശേഷം ടാ തടിയാ, ഗ്യാങ്സ്റ്റർ, റാണി പദ്മിനി, ഇടുക്കി ഗോൾഡ്, 22 ഫീമെയിൽ കോട്ടയം, ആണും പെണ്ണും എന്നീ ചിത്രങ്ങളും ആഷിഖ് അബു സംവിധാനം ചെയ്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close