മലയാളത്തിൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ കാലമാണിപ്പോൾ. മോഹൻലാൽ നായകനാവുന്ന മരക്കാർ, റാം, ബറോസ്, എമ്പുരാൻ, മമ്മൂട്ടി നായകനാവുന്ന ബിലാൽ, പൃഥ്വിരാജ് നായകനാവുന്ന ആട് ജീവിതം, കാളിയൻ, ദുൽഖർ സൽമാന്റെ കുറുപ്പ്, നിവിൻ പോളിയുടെ തുറമുഖം, ഫഹദ് ഫാസിലിന്റെ മാലിക് തുടങ്ങി ചിത്രീകരണം കഴിഞ്ഞതും ചിത്രീകരണത്തിൽ ഇരിക്കുന്നതും ഇനി ഷൂട്ടിംഗ് തുടങ്ങാനുള്ളതുമായ ഒട്ടേറെ ബിഗ് ബഡ്ജറ്റ് മലയാള ചിത്രങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മലയാള ചിത്രം കൂടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പൃഥ്വിരാജ് തന്നെ നായകനായി എത്തുന്ന വാരിയംകുന്നൻ എന്ന വമ്പൻ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ആഷിഖ് അബുവാണ്. പൃഥ്വിരാജ് സുകുമാരൻ- ആഷിഖ് അബു ടീം ആദ്യമായി ഒന്നിക്കാൻ പോകുന്ന ചിത്രമാണ് ഇത്.
എന്നാൽ കുറച്ചു നാൾ മുൻപ് വന്ന റിപ്പോർട്ടുകൾ പ്രകാരം, പ്രശസ്‌ത തമിഴ് നടൻ വിക്രമിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ അൻവർ റഷീദ് ഒരുക്കാനിരുന്ന ചിത്രമായിരുന്നു ഇത്. ആ പ്രോജക്ട് ആണ് ഇപ്പോൾ നായകനും സംവിധായകനും മാറി എത്തുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ പാകത്തിന് പ്ലാൻ ചെയ്യുന്ന ഈ ചിത്രം 1921 ഇൽ നടന്ന മലബാർ വിപ്ലവം എന്ന ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കാൻ പോകുന്നത്. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണ് തങ്ങൾ പറയാൻ പോകുന്നതെന്ന് പൃഥ്വിരാജ് സുകുമാരൻ കുറിച്ചു. ഹർഷദ്, റമീസ് എന്നിവർ ചേർന്നു രചിക്കുന്ന ഈ ചിത്രം കോമ്പസ് മൂവീസ് ലിമിറ്റഡ്, ഒ പി എം സിനിമാസ് എന്നിവയുടെ ബാനറിൽ സിക്കന്തർ, മൊയ്‌ദീൻ എന്നിവർ ചേർന്നാണ് നിർമിക്കുക.