ഉദയ കൃഷ്ണ രചിച്ചു, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ആറാട്ട്. മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന മാസ്സ് കഥാപാത്രമായി എത്തുന്ന ഈ ചിത്രം ആക്ഷനും കോമെടിക്കും പ്രാധാന്യം നൽകുന്ന ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ക്ലബ് ഹൌസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ എന്നയാൾ മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച നടനും ഏറ്റവും വലിയ താരവും ആണെന്നും അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻ ആണെന്നുമാണ് താൻ വിശ്വസിക്കുന്നതെന്നുമാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. ആ നടനും താരത്തിനും അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധകൻ എന്ന നിലയിൽ താൻ നൽകുന്ന ആദരമാണ് ആറാട്ട് എന്ന ചിത്രമെന്നും ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി. മോഹൻലാൽ എന്ന താരത്തെ ആഘോഷിക്കുന്ന ഒരു ചിത്രമാണ് ഇതെന്നും അദ്ദേഹം പറയുന്നു.
നാല് പാട്ടും, നാല് സംഘട്ടനവും ഉള്ള ഈ ചിത്രത്തെ ഒരു മോഹൻലാൽ റീലോഡഡ് എന്നല്ല വിളിക്കേണ്ടതെന്നും, പകരം ഒരു മോഹൻലാൽ അഴിഞ്ഞാട്ടമാണ് ആരാധർക്കായി താൻ ഒരുക്കാൻ ശ്രമിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ആരാധകൻ എന്ന നിലയിൽ താൻ മുൻവർഷങ്ങളിൽ കണ്ട മോഹൻലാലിൻറെ മാസ്സ് ചിത്രങ്ങളുടെ പല പല റെഫെറെൻസുകൾ ആറാട്ടിൽ കാണാം എന്നും, പക്ഷെ ഇത് ആ ചിത്രങ്ങളെ പോലെ തന്നെ എടുത്തു വെച്ചിരിക്കുന്ന ഒരു ചിത്രമാവില്ല എന്നും അദ്ദേഹം വ്യക്തമാകുന്നു. ഒരു താരം എന്ന നിലയിലുള്ള മോഹൻലാലിനെ ആഘോഷിക്കാൻ ആണ് താൻ ശ്രമിച്ചിരിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. തന്റെ ഇതിനു മുൻപുള്ള നാല് മോഹൻലാൽ ചിത്രങ്ങളിലും ഒരു നടൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഓരോ വശങ്ങളെയാണ് ഉപയോഗപ്പെടുത്താൻ ശ്രമിച്ചതെന്നും, ആറാട്ടിൽ ഇളകിയാടുന്ന മോഹൻലാൽ എന്ന താരസ്വരൂപത്തെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.