കോവിഡ് പ്രതിസന്ധി മൂലം തകർന്നു കിടക്കുന്ന മലയാള സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ വമ്പൻ ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തുകയും അതിനു വലിയ വിജയം ലഭിക്കേണ്ടതും അത്യാവശ്യമാണ്. ഒരു വലിയ മോഹൻലാൽ ചിത്രത്തിനെ അതിനു കഴിയു എന്ന പക്ഷക്കാരാണ് മലയാള സിനിമയിലെ കൂടുതൽ പ്രവർത്തകരും. അതിനു വേണ്ടി തന്നെ മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റു നോക്കുന്ന രണ്ടു വമ്പൻ മലയാള ചിത്രങ്ങൾ ആണ് മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും, ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ടീമിന്റെ ആറാട്ടും. എന്നാൽ കോവിഡ് കാരണം രണ്ടു ചിത്രങ്ങളുടേയും റിലീസ് നീണ്ടു നീണ്ടു പോവുകയുമാണ്. നേരത്തെ ഓണം റിലീസ് ആയി ആറാട്ട് എത്തും എന്ന് പറഞ്ഞിരുന്നെങ്കിലും മരക്കാർ ഓണം റിലീസ് ചെയ്യാനായി ആറാട്ട് വീണ്ടും മുന്നോട്ടു നീട്ടി. ഏതായാലും ആറാട്ട് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
പൂജ അവധി ദിനങ്ങളില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം എന്നും ഒക്‌ടോബർ പതിനാലിന് ആവും ഈ ചിത്രം റിലീസ് ചെയ്യുക എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ മാസ്സ് എന്റെർറ്റൈനെർ, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ടീസർ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറുകയും മോളിവുഡിലെ ടീസർ, പോസ്റ്റർ റെക്കോർഡുകൾ തിരുത്തിയെഴുതുകയും ചെയ്തിരുന്നു.