നവാഗതനായ ദിലീപ് മേനോന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രമാണ് ‘ആന അലറലോടലറല്‍’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ആനയെ കേന്ദ്രബിന്ദുവാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തിലെ നായിക. ഹാഷിം ജലാലുദ്ദീന്‍ എന്ന കഥാപാത്രത്തെയാണ് വിനീത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വൈകുണ്ഠാപുരം ഗ്രാമത്തിലെ ചെറുപ്പക്കാരനാണ് ഹാഷിം. തികച്ചും ഗ്രാമീണനായ ഹാഷിമും ഗ്രാമത്തിലെത്തുന്ന ആനയും തമ്മിലുള്ള സൗഹൃദവും ഹാഷിമിന്റെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ തിരക്കഥ ശരത് ബാലനാണ്.പോയ്ട്രി ഫിലിംഹൗസിന്റെ ബാനറില്‍ സിബിതോട്ടപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഇന്നസെന്റ്, വിനായകന്‍, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, വിജയ രാഘവന്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, വിനോദ് കെടാമംഗലം, ആനന്ദം ഫെയിം വിശാഖ്, അപ്പുണ്ണി ശശി, തെസ്നിഖാന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനുമഞ്ജിത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം.