
ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാൽ സിംഗ് ഛദ്ദയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. ഒടുവിൽ പുറത്തിറങ്ങിയ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ പരാജയപ്പെട്ടതിനെ തുടർന്ന്, നാല് വർഷത്തിന് ശേഷമാണ് താരത്തിന്റേതായി ഒരു ചിത്രം പ്രദർശനത്തിന് എത്തുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ഗെറ്റപ്പുകളിലൂടെയും പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുള്ള ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ ബഹിഷ്‌കരിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ, ചിത്രം ബഹിഷ്‌കരിക്കണമെന്നുള്ള ആഹ്വാനം ആമീർ ഖാന്റെ പദ്ധതിയാണെന്നാണ് ബോളിവുഡ് നടി കങ്കണ റണാവത്ത് ആരോപിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റീവിറ്റിയ്ക്കും പിന്നിലുള്ള വ്യക്തി ആമിർ ഖാൻ തന്നെയാണെന്നും, റിലീസിന് വരുന്ന ഒരു ഹിന്ദി സിനിമ പോലും വിജയിക്കാത്തതാണ് അദ്ദേഹം ഇങ്ങനെ ചെയ്യാൻ കാരണമെന്നും കങ്കണ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
‘റിലീസിനൊരുങ്ങുന്ന ലാൽ സിംഗ് ഛദ്ദയെ ചുറ്റിപ്പറ്റിയുള്ള എല്ലാ നെഗറ്റിവിറ്റികളുടെയും സൂത്രധാരൻ ആമിർ ഖാൻ തന്നെയാണ്. ഒരു കോമഡി ചിത്രത്തിന്റെ തുടർച്ച ഒഴികെ ഹിന്ദിയിൽ ഒരു സിനിമയും ഈ വർഷം വിജയിച്ചിട്ടില്ല. ഇന്ത്യൻ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ദക്ഷിണേന്ത്യൻ സിനിമകൾ മാത്രമാണ് വിജയിക്കുന്നത്. ഒരു ഹോളിവുഡ് റീമേക്ക് വിജയിക്കാനും എന്തായാലും സാധ്യതയില്ല. പക്ഷേ, അവര്‍ ഇന്ത്യയ്ക്ക് സഹിഷ്ണുതയില്ലെന്ന് പറയും. ഹിന്ദി സിനിമകള്‍ പ്രേക്ഷകരുടെ പൾസ് അറിയണം. അവിടെ ഹിന്ദുവോ മുസ്ലീമോ എന്നൊന്നില്ല. ആമിര്‍ ഖാന്‍ ഹിന്ദു ഫോബിക് ചിത്രം ‘പി.കെ.’ നിർമിച്ചതിന് ശേഷവും, ഇന്ത്യയ്ക്ക് സഹിഷ്ണുത ഇല്ലെന്ന് പറഞ്ഞതിന് ശേഷവും, പ്രേക്ഷകർ അദ്ദേഹത്തിന് കരിയറിലെ മികച്ച ഹിറ്റുകളിലൊന്ന് നൽകി,’ കങ്കണ കുറിച്ചു.

മതത്തെ കുറിച്ചോ പ്രത്യയശാസ്ത്രത്തെ കുറിച്ചോ വിദ്വേഷങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിക്കാനും, ഇത്തരം ചെയ്തികൾ മോശം അഭിനയത്തിൽ നിന്നും മോശം സിനിമകളിൽ നിന്നും പ്രേക്ഷകരെ അകറ്റി നിർത്തുമെന്നും നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൂട്ടിചേർത്തു.
അതേ സമയം, തന്റെ ചിത്രത്തിനെതിരെ പ്രചരിക്കുന്ന ബഹിഷ്കരണാഹ്വാനത്തിൽ അമീർ ഖാൻ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ആളുകൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. താൻ രാജ്യത്തെ ആത്മാർഥമായി സ്‌നേഹിക്കുന്നുവെന്നും, തന്റെ സിനിമ ബഹിഷ്‌കരിക്കാതെ എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നുമാണ് ആമിർ ഖാൻ ഒരു വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചത്. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ലാല്‍ സിങ് ഛദ്ദയിൽ ആമിർ ഖാനൊപ്പം, കരീന കപൂര്‍, മോന സിംഗ്, തെലുങ്ക് നടൻ നാഗചൈതന്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ആഗസ്റ്റ് 11നാണ് സിനിമയുടെ റിലീസ്.