” സാറേ….ഞാൻ ഇന്ദ്രൻസാണേ. ” അനുഗ്രഹീതൻ ആന്റണീടെ കഥാകൃത്തിനെ ഞെട്ടിച്ച ആ വിളി

Advertisement

ഇന്ദ്രൻസ് എന്ന കലാകാരൻ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ചേക്കേറിയിട്ടു ഒരുപാട് വർഷങ്ങൾ ആയി. ആദ്യം ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഈ പ്രതിഭ ഇപ്പോൾ അഭിനയ പ്രാധാന്യമുള്ള കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഇന്റർനാഷണൽ ഫിലിം ഫെസ്ടിവലുകളിൽ വരെ ഈ നടന്റെ പ്രതിഭ അംഗീകരിക്കപ്പെട്ടു തുടങ്ങി. പക്ഷെ അപ്പോഴും ഇന്ദ്രൻസ് എന്നത്തേയും പോലെ തന്റെ എളിമ കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഒരിക്കൽ പരിചയപ്പെടുന്ന ആരും സ്നേഹിച്ചു പോകുന്ന ഈ വ്യക്തിത്വത്തെ കുറിച്ച് അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് കഥ രചിച്ച ജിഷ്ണു എസ് രമേശ് എന്ന കഥാകൃത്തു എഴുതിയ ഫേസ്ബുക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

ജിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ, “കഴിഞ്ഞ മാർച്ചില് പെട്ടെന്നൊരു ദിവസം എനിക്കൊരു കോള് വന്നു
” ഹലോ….അനുഗ്രഹീതൻ ആന്റണീടെ കഥയെഴുതിയ ആളല്ലേ ?”
അതേയെന്ന് ഞാൻ പറഞ്ഞപ്പോ കിട്ടിയ മറുപടിയിതായിരുന്നു…!
” സാറേ…. ഞാൻ ഇന്ദ്രൻസാണേ.!
“ആ….ആര്…? പകച്ച് പോയ ഞാൻ വിക്കി വിക്കി ചോദിച്ചു.
” ആക്ടർ ഇന്ദ്രൻസാ….ജിനോയി നമ്പറ് തന്നിട്ടാ വിളിക്കുന്നെ….!
എന്റെ പോർഷൻ എന്നാ വരുന്നേന്ന് അറിയാൻ വിളിച്ചതാ..
ലൊക്കേഷനില് വേറാരുടേം നമ്പറ് എന്റെ കയ്യിലില്ലാരുന്നു അതാ….!”
എന്റെ പ്രായത്തേക്കാൾ എക്സ്പീരിയൻസുള്ള സംസ്ഥാന അവാർഡും ദേശീയ ശ്രദ്ധയും നേടിയ ഒരു നടൻ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക. നിന്ന് തിരിയാൻ സമയമില്ലാത്ത നേരത്ത് സ്വന്തം ക്യാരക്ടറിന്റെ ഷൂട്ട് എന്ന് തുടങ്ങും എന്നറിയാൻ ഇങ്ങോട്ട് വിളിച്ച് ഡേറ്റ് ഉറപ്പ് വരുത്തുക. അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് ഞാൻ ചോദിച്ചപ്പോ പുള്ളി മറുപടി പറഞ്ഞതിങ്ങനെയാണ് ,

Advertisement

” വീട്ടിലിപ്പഴും തയ്യൽ മെഷീനൊണ്ട് .ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ. അതാണേല് മറക്കാനും പറ്റത്തില്ല അത്രേം ആഴത്തിലാ പതിഞ്ഞേക്കുന്നേ..!! ” ഞാനാ മനുഷ്യനെ നോക്കി മനസ്സ് കൊണ്ടൊന്ന് തൊഴുതൂ…!! കഴിഞ്ഞ കുറച്ച് ദിവസം ഒരുമിച്ചുണ്ടായിരുന്നു. ഒന്നിച്ച് നിന്ന് പടം തീർത്തു. എല്ലാം കഴിഞ്ഞ് യാത്ര പറയുന്നതിന്റെ തൊട്ട് മുന്നേ വിറച്ച് വിറച്ച് വാങ്ങിച്ചെടുത്ത ഓട്ടോഗ്രാഫാണിത് . ഒരു വെറും മനുഷ്യന്റെ ഓട്ടോഗ്രാഫ്”. ഈ വാക്കുകൾക്കൊപ്പം ഇന്ദ്രൻസ് നൽകിയ ഓട്ടോഗ്രാഫും ജിഷ്ണു പങ്കു വെച്ചിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close