സംസ്ഥാന ചലച്ചിത്ര അവാർഡ് 2023 ; മികച്ച നടനായി മമ്മൂട്ടി, പുരസ്‍കാര പെരുമയിൽ ന്നാ താൻ കേസ് കൊട്.

Advertisement

കഴിഞ്ഞ വർഷം പുറത്തു വന്ന മലയാള ചിത്രങ്ങളിലെ മികച്ചവക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ബഹുമാനപെട്ട കേരളാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. പ്രശസ്ത നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ തീരുമാനിച്ചത്. അന്‍പത്തി മൂന്നാമത് കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി അവാർഡ് നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‍കാരവും നന്‍പകല്‍ നേരത്ത് മയക്കം നേടിയെടുത്തു.

രേഖ എന്ന ചിത്രത്തിലൂടെ വിന്‍സി അലോഷ്യസ് മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയപ്പോൾ, മികച്ച സംവിധായകനുള്ള അവാർഡ് നേടിയത് അറിയിപ്പ് എന്ന ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ്. അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും സ്പെഷ്യൽ ജൂറി പുരസ്‍കാരം സ്വന്തമാക്കി. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം, മികച്ച തിരക്കഥ എന്നിവയുൾപ്പെടെ ഏഴോളം അവാർഡുകളാണ് ഈ ചിത്രം സ്വന്തമാക്കിയത്. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ പിപി കുഞ്ഞികൃഷ്ണനും, സ്വഭാവ നടിക്കുള്ള പുരസ്കാരം സൗദി വെള്ളക്കയിലൂടെ ദേവി വർമ്മയും നേടിയെടുത്തു.

Advertisement

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഗാനത്തിലൂടെ മൃദുല മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് നേടിയപ്പോൾ, കബില്‍ കബിലനാണ് മികച്ച ഗായകനായത്. പല്ലൊട്ടി 90സ് കിഡ്സ് മികച്ച കുട്ടികൾക്കുള്ള ചിത്രമായപ്പോൾ, ഇലവീഴാം പൂഞ്ചീറയിലൂടെ ഷാഹി കബീർ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയെടുത്തു.

മികച്ച കഥാകൃത്ത്: കമല്‍ കെഎം (പട), മികച്ച ഗാനരചയിതാവ്- റഫീക്ക് അഹമ്മദ്‌ (ന്നാ താന്‍ കേസ് കൊട്), ശബ്ദ രൂപകല്‍പ്പന – അജയന്‍ അടാട്ട് (ഇല വീഴാ പൂഞ്ചിറ, വസ്ത്രാലങ്കാരം – മഞ്ജുഷ , മികച്ച കലാസംവിധായകൻ – ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്), മികച്ച ചിത്ര സംയോജകൻ- നിഷാദ് യൂസഫ് (തല്ലുമാല), മികച്ച വിഷ്വല്‍ എഫക്ട് – അനീഷ് ഡി, സുമേഷ് ഗോപാല്‍ (വഴക്ക്), വനിതാ ഡബ്ബിംഗ് ആർട്ടിസ്റ്റ് – പൗളി വല്‍സന്‍(സൗദി വെള്ളയ്ക്ക), മികച്ച പുരുഷ ഡബ്ബിംഗ് ആർട്ടിസ്റ്റ് – ഷോബി തിലകന്‍ ( പത്തൊന്‍പതാം നൂറ്റാണ്ട്) മികച്ച ചലച്ചിത്ര ഗ്രന്ഥം – സിഎസ് വെങ്കിടേശ്വരന്‍ (സിനിമയുടെ ഭാവനാ ദേശങ്ങള്‍), മികച്ച ചലച്ചിത്ര ലേഖനം – സാബു പ്രവദാസ് എന്നിവയാണ് മറ്റ് പ്രധാന പുരസ്‍കാരങ്ങൾ

Advertisement

Copyright © 2017 onlookersmedia.

Press ESC to close