തമിഴിലെ ഏറ്റവും മികച്ച യുവ നടന്‍ ആരാണെന്ന്‍ ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ വിജയ് സേതുപതിയുടെ പേര് പറയാം. വ്യത്യസ്ഥമായ സിനിമകള്‍ കൊണ്ട് തമിഴ് നാടിന് പുറത്തും ഏറെ ആരാധകരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിജയ് സേതുപതി ഉണ്ടാക്കി.
സിനിമയില്‍ അവസരം ലഭിക്കാനായി വിജയ് സേതുപതി ഒട്ടേറെ പരിശ്രമിച്ചിട്ടുണ്ട്. അതില്‍ ഒന്ന്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി നില്‍ക്കുക എന്നതായിരുന്നു. ആ സമയത്ത് മോഹന്‍ലാലിന് വേണ്ടി ഡബ്ബ് ചെയ്യുകയും ചെയ്തു. ആ കഥ വിജയ് സേതുപതി തന്നെ പറയുന്നു.
“നടനാകാനുള്ള ആഗ്രഹം തുടങ്ങിയ ശേഷം സിനിമയില്‍ എത്താനായുള്ള ശ്രമങ്ങള്‍ തുടങ്ങി. പല വഴികളും നോക്കി. ഡബ്ബിങ് ആയിരുന്നു ആദ്യ വഴി. തമിഴ് നാട്ടിലെ ലോക്കല്‍ ചാനലുകളില്‍ മലയാള സിനിമകള്‍ തമിഴിലേക്ക് ഡബ്ബ് ചെയ്തു പ്രദര്‍ശിപ്പിക്കാറുണ്ട്. ആദ്യമൊക്കെ ആള്‍ക്കൂട്ടത്തിലെ ആളുകളുടെ ശബ്ദമാണ് ഡബ്ബ് ചെയ്യാനായി കിട്ടിയത്. പതിയെ പ്രമോഷന്‍ കിട്ടി. നായകന്‍മാര്‍ക്കും ഡബ്ബ് ചെയ്യാന്‍ അവസരങ്ങള്‍ കിട്ടി. ലാലേട്ടന്‍റെ വരവേല്‍പ്പ് എന്ന ചിത്രം എനിക്കു ഒരിയ്ക്കലും മറക്കാന്‍ കഴിയില്ല. അതിന്‍റെ തമിഴ് പതിപ്പില്‍ ലാലേട്ടന് വേണ്ടി ഡബ്ബ് ചെയ്തത് ഞാനാണ്.
ആ കാലത്ത് പഴയ തമിഴ്, മലയാളം സിനിമകളാണ് ഞാന്‍ പതിവായി കാണുന്നത്. ഹോളിവുഡ് സിനിമകളൊന്നും കാണാറില്ലായിരുന്നു. ആ ഭാഷ എനിക്ക് മനസ്സിലാകില്ല. വടപളനിയിലെ വിഡിയോ ഷോപ്പിൽ നിന്ന് സ്ഥിരമായി മലയാളം സിനിമകളെടുത്ത് കാണുമായിരുന്നു. . രാജമാണിക്യം, തന്മാത്ര, ഭ്രമരം,വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഭാഗ്യദേവത, കറുത്ത പക്ഷികൾ, അന്നു കണ്ട മലയാള സിനിമകളുടെ പേരുകളെല്ലാം ഇപ്പോഴും ഓർമയുണ്ട്.”