അന്നും ഇന്നും പ്രേക്ഷകരുടെ പ്രീയപെട്ടവനായി ലാലു അലക്സ്; ഒളി മങ്ങാത്ത നടനവൈഭവത്തിനു വീണ്ടും അഭിനന്ദന പെരുമഴ..!

Advertisement

മലയാള സിനിമാ പ്രേമികൾക്ക് എന്നും പ്രീയപ്പെട്ട നടന്മാരിൽ ഒരാളാണ് ലാലു അലക്സ്. നാൽപ്പതു വർഷത്തിലേറെയായി മലയാള സിനിമാ പ്രേമികളുടെ മുന്നിൽ തന്റെ പ്രകടന മികവ് കൊണ്ടു മിന്നി നിൽക്കുന്ന അദ്ദേഹമാണ് ഇന്ന് സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയങ്ങളിൽ ഒന്ന്. ഇന്ന് റിലീസ് ചെയ്ത മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയിൽ ഗംഭീര പ്രകടനമാണ് ലാലു അലക്സ് കാഴ്ച വെച്ചത്. മോഹൻലാലിന്റെ ജോൺ കാറ്റാടിയും ലാലു അലക്സിന്റെ കുര്യനുമാണ് ഈ ചിത്രത്തിലെ നായകന്മാർ എന്ന് നമ്മുക്ക് വേണമെങ്കിൽ പറയാം. അത്രമാത്രം മനോഹരമായ പ്രകടനമാണ് ഇവർ ഇരുവരും ഇതിൽ കാഴ്ച വെച്ചത്. അതിൽ തന്നെ കുര്യൻ ആയി ലാലു അലക്സ് കാഴ്ച വെച്ച പ്രകടനത്തിന്, വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. മോഹൻലാലിനൊപ്പം കട്ടക്ക് നിന്ന് ലാലു അലക്സ് കൂടി നിറഞ്ഞാടിയപ്പോൾ ബ്രോ ഡാഡി ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയി മാറി. കൂടെയുള്ള താരങ്ങൾക്കൊപ്പമെല്ലാം മനോഹരമായ രസതന്ത്രം സ്‌ക്രീനിൽ ഉണ്ടാക്കാൻ കഴിയുക എന്നത് മികച്ച നടന്മാർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. അതാണ്‌ ലാലു അലക്സിന്റെ ഏറ്റവും വലിയ കഴിവ്.

പണ്ട് മുതലേ ഇത് അദ്ദേഹം നമ്മുക്ക് കാണിച്ചു തന്നിട്ടുണ്ട്. നായകനായും വില്ലനായും സഹതാരമായും ഹാസ്യ താരമായും സ്വഭാവ നടനായുമെല്ലാം പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയിട്ടുള്ള നടനാണ് അദ്ദേഹം. വില്ലൻ വേഷം ചെയ്യുമ്പോൾ പോലും അതിൽ അതിമനോഹരമായി ഹാസ്യം കൊണ്ട് വരാനുള്ള ലാലു അലക്സിന്റെ കഴിവ് അപാരമാണ്. ഇവിടം സ്വർഗ്ഗമാണു എന്ന ചിത്രത്തിലെ ആലുവ ചാണ്ടി എന്ന വില്ലൻ കഥാപാത്രം തന്നെ അതിനു ഏറ്റവും വലിയ ഉദാഹരണം. അതുപോലെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന രീതിയിൽ വൈകാരികമായി അഭിനയിക്കാനും അദ്ദേഹത്തിന് സാധിക്കും. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഇമ്മാനുവേൽ എന്ന കഥാപാത്രം അത്തരത്തിൽ ഉള്ള ഒന്നായിരുന്നു. രസികനായ അച്ഛൻ വേഷങ്ങളിൽ തിളങ്ങാൻ ഇന്ന് മലയാള സിനിമയിൽ ലാലു അലെക്സിനോളം പോന്ന മറ്റൊരു നടനില്ല എന്നത് പകൽ പോലെ വ്യക്തമായ സത്യമാണ്. ബ്രോ ഡാഡി ഏറ്റവും പുതിയ ഉദാഹരണമാണ് ആ കഴിവിന്. നിറം എന്ന കമൽ ചിത്രത്തിലെ അച്ഛൻ വേഷമൊക്കെ മലയാള സിനിമയിലെ ക്ലാസിക് ആയി മാറിയ കഥാപാത്രങ്ങളിൽ ഒന്നാണ്.

Advertisement

പോലീസ് കഥാപാത്രങ്ങളിലും തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച ആളാണ് അദ്ദേഹം. നിർണ്ണയത്തിലെ ജാവേദ് ഖാനും ജനുവരി ഒരോര്മയിലെ ദിനേശനും അടയാളത്തിലെ സി ഐ രാജു പീറ്ററും ഭരത് ചന്ദ്രൻ ഐപിഎസിലെ ഹബീബ് ബഷീറുമെല്ലാം അതിൽ ഉൾപ്പെടുന്ന ചിലതു മാത്രം. ഇത് കൂടാതെ പാഥേയം, മൂന്നാം മുറ, മാനത്തെ വെള്ളിത്തേര്, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കല്യാണ രാമൻ, ഫാന്റം, പുലിവാൽ കല്യാണം, ചോക്കലേറ്റ്, ജനപ്രിയൻ, ഡ്രൈവിംഗ് ലൈസെൻസ്, വരനെ ആവശ്യമുണ്ട് എന്നിവയെല്ലാം പല ഭാവത്തിൽ ഈ നടൻ നമ്മളെ ഏറെ രസിപ്പിച്ച ചിത്രങ്ങളാണ്. തന്റെ ശബ്ദം കൊണ്ടും, ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും, രസകരമായ ശരീര ചലനങ്ങൾ കൊണ്ടുമെല്ലാം പ്രേക്ഷകരെ രസിപ്പിക്കുകയും മനസ്സ് കീഴടക്കുകയും ചെയ്ത ഈ നടൻ അന്നും ഇന്നും മലയാളികളുടെ പ്രീയപ്പെട്ടവനാണ്. പ്രേക്ഷകരുടെ സ്വന്തം ലാലുച്ചായൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close