ഒരുപാട് വർഷങ്ങൾക്കു മുൻപാണ് ഇത്തരം കഥാപാത്രങ്ങളെ മോഹൻലാൽ അവതരിപ്പിച്ചിട്ടുള്ളത്; പുതിയ മോഹൻലാൽ ചിത്രത്തിന്റെ വിവരങ്ങൾ ഇതാ

Advertisement

മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ കൂട്ടുകെട്ടാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീം. ദൃശ്യം എന്ന തങ്ങളുടെ ആദ്യ ചിത്രത്തിലൂടെ തന്നെ ഇൻഡസ്ട്രി ഹിറ്റ് നേടി, മലയാള സിനിമയുടെ ബോക്സ് ഓഫീസ് സമവാക്യങ്ങൾ തിരുത്തിയെഴുതിയ ഈ കൂട്ടുകെട്ട്, ഇതേ ചിത്രത്തിലൂടെ തന്നെ അന്താരാഷ്ട്ര സിനിമയുടെ വരെ  ശ്രദ്ധ നേടിയെടുത്തു. അതിനു ശേഷം ദൃശ്യം 2 എന്ന ചിത്രത്തിലൂടെയും ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളുടെ കയ്യടി നേടിയെടുത്ത ഈ കൂട്ടുകെട്ട്, റാം എന്ന ഒരു മാസ്സ് ചിത്രവും ചെയ്യുന്നുണ്ട്. എന്നാൽ റാം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ ട്വൽത് മാൻ എന്ന ചിത്രത്തിലൂടെ നാലാം വരവിനു ഒരുങ്ങുകയാണ് ഈ ടീം. ഈ ചിത്രത്തെ കുറിച്ച്, ഇതിന്റെ രചയിതാവായ കൃഷ്ണകുമാർ മനസ്സ് തുറക്കുകയാണ്. ദി ക്യൂ മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ കൂടുതൽ വിവരങ്ങൾ പങ്കു വെച്ചത്. ഇതൊരു ഫിക്ഷന്‍ ആണെന്നും പക്കാ മിസ്റ്ററി ത്രില്ലർ ആയാണ് ഒരുക്കാൻ പോകുന്നതെന്നും അദ്ദേഹം പറയുന്നു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ  ചെയ്യുന്ന ഒരു ടൈപ്പ് റോളാണ് ഇതിലേതു എന്നും ഒരുപാട് വർഷങ്ങൾക്ക് മുൻപാണ് സമാന സ്വഭാവത്തിലുള്ള കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുള്ളത് എന്നും കൃഷ്ണകുമാർ വെളിപ്പെടുത്തി. കഥ കേട്ടപ്പോള്‍ തന്നെ നല്ല ഫ്രഷ് ഐഡിയ ആണെന്ന് പറഞ്ഞ ലാലേട്ടൻ, തിരക്കഥ വായിച്ചതിനു ശേഷവും നല്ലതായിട്ടുണ്ടല്ലോ എന്ന് പറഞ്ഞതോടെയാണ് ഈ ചിത്രം ഓൺ ആയതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കിയാണ് സിനിമയുടെ ലൊക്കേഷന്‍ എന്നും അവിടെ ഒരു പ്രത്യേക പ്രദേശത്തു ഒരു ദിവസം സംഭവിക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. കാലഘട്ടത്തിന് ആവശ്യമുള്ള കണ്ടന്റും, പ്രേക്ഷകരുടെ അഭിരുചിയും, അവർക്ക് ഇഷ്ട്ടമുള്ള ഘടകങ്ങളെക്കുറിച്ചും കൃത്യമായി ബോധ്യമുള്ള, ആന്റണി പെരുമ്പാവൂരിനെപ്പോലെ ഇത്ര ഷാര്‍പ്പായിട്ടുള്ള നിര്‍മ്മാതാവിനെ മലയാള സിനിമയില്‍ താൻ കണ്ടിട്ടില്ല എന്നും കൃഷ്ണകുമാർ കൂട്ടിച്ചേർക്കുന്നു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close