ദൃശ്യം 2 റെക്കോർഡ് തകർത്തു 12ത് മാൻ; തൊട്ടു പുറകിൽ ബ്രോ ഡാഡി; ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും മോഹൻലാൽ ചിത്രങ്ങൾക്ക് തീ വില..!

Advertisement

കോവിഡ് പ്രതിസന്ധി കൂടുതൽ രൂക്ഷമായി മാറുന്നതോടെ തീയേറ്ററുകൾ അടഞ്ഞു തന്നെ കിടക്കുകയാണ്. അതോടു കൂടി ഒട്ടു മിക്ക സിനിമാ ഇന്ഡസ്ട്രികളിലെയും കൂടുതൽ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകൾ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി കഴിഞ്ഞു. ഇതിനോടകം മലയാളത്തിലെ ഒട്ടേറെ ചിത്രങ്ങൾ ഒടിടി റിലീസ് ആയി എത്തി കഴിഞ്ഞു. അവ കൂടാതെ ഒരുപിടി വമ്പൻ മലയാള ചിത്രങ്ങളടക്കം ഒടിടി റിലീസ് നോക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. നേരിട്ട് ഒടിടി റിലീസ് ചെയ്തതിൽ ഏറ്റവും വലിയ തുക നേടിയ മലയാള ചിത്രം മോഹൻലാൽ നായകനായ ദൃശ്യം 2 ആണ്. മുപ്പതു കോടി രൂപയാണ് ഈ ചിത്രം നേടിയത്. ഇപ്പോഴിതാ, ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആ റെക്കോർഡ് തകർക്കുന്ന ഒടിടി റൈറ്റ്സ് ആണ് മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്ന 12ത് മാൻ എന്ന ത്രില്ലർ സിനിമയ്ക്കു ലഭിച്ചിരിക്കുന്ന ഓഫർ. അത് കൂടാതെ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന കോമഡി ചിത്രമായ ബ്രോ ഡാഡിക്കു ലഭിച്ചിരിക്കുന്നത് 28 കോടി രൂപയുടെ ഓഫർ ആണെന്നും സിനിമാ മേഖലയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.

ഈ രണ്ടു ചിത്രങ്ങളും ഒടിടി റിലീസ് ആണ് പരിഗണിക്കുന്നത് എങ്കിൽ മലയാളത്തിലെ ഏറ്റവും കൂടുതൽ ഒടിടി റൈറ്റ്സ് ലഭിച്ച ചിത്രങ്ങളിൽ ആദ്യ മൂന്നു സ്ഥാനവും മോഹൻലാൽ ചിത്രങ്ങൾ കയ്യടക്കും. ഒടിടി റൈറ്റ്സ് ലഭിക്കുന്നതിലും താരമൂല്യം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. നിലവിൽ മലയാളത്തിൽ നിന്ന് മോഹൻലാൽ, ഫഹദ് ഫാസിൽ ചിത്രങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഒടിടി ഓഫറുകൾ ലഭിക്കുന്നത്. ഇവർ രണ്ടു പേർക്കും കേരളത്തിന് പുറത്തും, പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ഉള്ള വമ്പൻ ജനപ്രീതിയും സ്വാധീനവുമാണ് ഈ വലിയ ഓഫറുകൾ ലഭിക്കാനുള്ള കാരണം. ഫഹദ് ഫാസിൽ നായകനായ നാല് ചിത്രങ്ങൾ ഇതിനോടകം ഒടിടി റിലീസ് ആയി വന്നു കഴിഞ്ഞു. അതിൽ തന്നെ മാലിക് എന്ന ഫഹദ് ചിത്രം ഇരുപത്തിരണ്ടു കോടിയോളം രൂപയുടെ വരുമാനം ആണ് ആകെ നേടിയെടുത്തത് എന്നതും ശ്രദ്ധേയമാണ്. മോഹൻലാൽ, ഫഹദ് ഫാസിൽ ചിത്രങ്ങൾ കഴിഞ്ഞാൽ പിന്നെ ഒടിടി മാർക്കറ്റ് പൃഥ്വിരാജ് ചിത്രങ്ങൾക്കാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close