കേരളത്തിലെ തീയേറ്ററുകൾക്കു കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേരളാ സർക്കാർ പിൻവലിച്ചു. ഇന്ന് മുതൽ കേരളത്തിലെ തീയേറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ അനുവാദം ലഭിച്ചു കഴിഞ്ഞു. കോവിഡ് കേസുകൾ നല്ല രീതിയിൽ കുറഞ്ഞത് കൊണ്ടും വാക്സിനേഷൻ ഏകദേശം പൂർത്തിയായത് കൊണ്ടുമാണ് ഇപ്പോൾ ഈ നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഏതായാലും മുഴുവൻ കാണികളേയും പ്രവേശിപ്പിക്കാം എന്നുള്ളത് വലിയ ആശ്വാസം ആണ് മലയാള സിനിമയ്ക്കു നൽകിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്ന മലയാള സിനിമാ വ്യവസായത്തിനും പ്രത്യേകിച്ച് തീയേറ്റർ വ്യവസായത്തിനും വലിയ ഒരു രക്ഷയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ നൂറു ശതമാനം പ്രവേശനം എന്നത്. ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾക്കും അതുപോലെ വരുന്ന ആഴ്ച റിലീസ് ചെയ്യാൻ പോകുന്ന ചിത്രങ്ങൾക്കും അത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
അടുത്ത ആഴ്ച നാല് ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം, ടോവിനോ തോമസ് നായകനായ ആഷിഖ് അബു ചിത്രം നാരദൻ, ദുൽഖർ സൽമാൻ നായകനായ ബ്രിന്ദ മാസ്റ്ററുടെ തമിഴ് ചിത്രം ഹേ സിനാമിക, ഹോളിവുഡ് ചിത്രം ബാറ്റ്മാൻ എന്നിവയാണ് ആ പ്രധാന റിലീസുകൾ. അതിന്റെ അടുത്ത ആഴ്ച പട, പത്താം വളവു, തമിഴ് ചിത്രമായ എതർക്കും തുനിന്ദവൻ, പ്രഭാസ് ചിത്രമായ രാധേ ശ്യാം എന്നിവയും റിലീസ് ചെയ്യും. ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആർ റിലീസ് ചെയ്യുന്നതും ഈ മാസം തന്നെയാണ്. ഈ ചിത്രങ്ങളെല്ലാം തന്നെ വലിയ തോതിൽ പ്രേക്ഷകരെ തീയേറ്ററിലേക്ക് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.