”അദ്ദേഹത്തിന്റെ കണ്ണിൽ നിറഞ്ഞു നിന്ന സ്നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നിൽ” ഭ്രമരത്തിന്റെ പത്തു വർഷം ബ്ലെസ്സിക്ക് നന്ദി പറഞ്ഞു മുരളി ഗോപി..!

Advertisement

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ബ്ലെസി കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഭ്രമരം. പത്തു വർഷം മുൻപ് ഇതേ ദിവസം തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം നൂറു ദിവസം തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും വമ്പൻ നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്ത ചിത്രമാണ്. ഈ ചിത്രത്തിലെ ശിവൻ കുട്ടി എന്ന കഥാപാത്രം മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മികച്ച നടനുള്ള ദേശീയ അവാർഡിന്റെ ഫൈനൽ റൌണ്ട് വരെ മോഹൻലാലിനെ എത്തിച്ച അനേകം ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ബ്ലെസി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം. മോഹൻലാലിനൊപ്പം ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ബോളിവുഡ് ആക്ടർ ആയ സുരേഷ് മേനോനും ആണ്. ഇപ്പോൾ ഭ്രമരത്തിലേക്കുള്ള തന്റെ വരവിനെ കുറിച്ചും തന്നെ ഇതിലേക്ക് ക്ഷണിച്ച ബ്ലെസ്സിയെ കുറിച്ചുമുള്ള മുരളി ഗോപിയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

മുരളി ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ” ‘ഭ്രമരം’ തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകൾ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടൻ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്ക്കോട്ട് ഹോട്ടലിൽ ഇരുത്തി അദ്ദേഹം, എന്നെ ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു. ‘ഭ്രമരത്തിൽ’ ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സിൽ കണ്ടതെന്നും അത് ഞാൻ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. “ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?” എന്ന ചോദ്യത്തിന് “വേണം” എന്ന ഒറ്റ വാക്കിൽ മറുപടി. ആ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിറഞ്ഞു നിന്ന സർഗാത്മകതയുടെയും സ്നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നിൽ “എന്നാൽ ശരി” എന്ന് മാത്രമേ പറയാനായുള്ളൂ. ഇന്നും നടിക്കുന്ന ഓരോ ഷോട്ടിന് മുൻപും എഴുതുന്ന ഓരോ വാക്കിന് മുൻപും, മനസ്സിൽ താനേ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. “ഞാൻ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ, അത്രേയുള്ളൂ…” എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം…ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ…”

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close