‘ദിലീപേട്ടന്റെ എല്ലാവിധ പിന്തുണയും ഈ സിനിമയ്ക്കു ഉണ്ടായിട്ടുണ്ട്’ ; ഷിബുവിലെ നായകൻ മനസ്സ് തുറക്കുന്നു…

Advertisement

പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണൻ  നായക വേഷത്തിൽ എത്തുന്ന ഷിബു എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍  എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായകനായ പുതുമുഖം കാർത്തിക് ഓൺലൂകേർസ് മീഡിയയോട് മനസ്സ് തുറക്കുകയാണ്.

ഷിബു.‘സ്റ്റോറി ഓഫ് നിഷ്ക്കു ‘ ടൈറ്റില് ഒപ്പം വ്യത്യസ്തമായ ക്യാപ്ഷൻ ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ച് ഒന്ന് വിശദമാക്കാമോ..?
പാലക്കാടു ഒരു ഗ്രാമത്തിൽ നിന്നുള്ള ഷിബു എന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ കഥ. വളരെ നിഷ്കളങ്കനായ ഷിബു ജനപ്രിയ നായകൻ ദിലീപേട്ടന്റെ വലിയ ആരാധകൻ ആണ്. ദിലീപേട്ടനെ ഒന്ന് കാണുക, അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ എടുക്കുക എന്നതൊക്കെയാണ് ഷിബുവിന്റെ ലക്‌ഷ്യം. അതിനായി സിനിമ പഠിക്കാൻ എറണാകുളത്തു എത്തുന്ന ഈ യുവാവ് ചെന്ന് ചാടുന്ന ചില പ്രശ്നങ്ങളുടെ വളരെ രസകരമായ ആവിഷ്കാരമാണ് ഷിബു. 

Advertisement

ഇത് ആദ്യ ചിത്രം ആണോ? അതോ ഇതിനു മുൻപ് അഭിനയിച്ചിട്ടുണ്ടോ..?
മറ്റൊരു ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്തിന്റെ വക്കിൽ എത്തിയതാണ്. അതിന്റെ പൂജയൊക്കെ നടന്നിരുന്നു. പക്ഷെ അവസാന നിമിഷം അതിന്റെ നിർമ്മാതാവ് മാറുകയും പിനീട് ആ ചിത്രത്തിൽ ജി പി , മിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി വരികയുമാണ് ഉണ്ടായതു. ആ ചിത്രത്തിൽ നായികയായി ആദ്യം നിശ്ചയിച്ച കുട്ടിയാണ് ഇപ്പോൾ അമ്പിളി എന്ന ചിത്രത്തിലെ നായിക. ഞാൻ അതിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു.

സിനിമയിൽ എങ്ങനെ എത്തിപ്പെട്ടു..?
പഠിക്കുന്ന കാലം തൊട്ടുള്ള ഒരാഗ്രഹം ആയിരുന്നു സിനിമ. എന്നാൽ സിനിമാ രംഗത്ത് പരിചയങ്ങളോ നമ്മളെ സഹായിക്കാൻ ഈ രംഗവുമായി ബന്ധപ്പെട്ട ആളുകളോ ഉണ്ടായിരുന്നില്ല. സിനിമ പഠിക്കാൻ എറണാകുളത്തു വന്നു എങ്കിലും ഫീസ് അടക്കാൻ ഉള്ള സാമ്പത്തികം ഇല്ലാത്തതിനാൽ അത് മുടങ്ങി പോയി. ഇടത്തരത്തിലും താഴെ മാത്രം സാമ്പത്തിക സ്ഥിതി ഉള്ള ഒരു കുടുംബമാണ് എന്റേത്. പിന്നീട് ഒരുപാട് പേരെ പോയി കണ്ടു ചാൻസ് ചോദിച്ചു. ഏകദേശം എട്ടു വർഷമായി ശ്രമിച്ചിട്ടാണ് ഇപ്പോൾ അവസരം കിട്ടുന്നത്. നമ്മുടെ കഴിവിൽ വിശ്വസിക്കാൻ ഈ ചിത്രം ഒരുക്കിയ അർജുൻ, ഗോകുൽ എന്നിവർ ഉണ്ടായി എന്നത് ഭാഗ്യമായി കരുതുന്നു.

ഷിബു എന്ന ചിത്രത്തിൽ നിന്ന് പ്രേക്ഷർ പ്രതീഷിക്കണ്ടത് എന്താണ് ? ഒരു കോമഡി ചിത്രമാണോ അതോ റൊമാന്റിക് ചിത്രമാണോ..?
ഷിബുവിൽ പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന എല്ലാ ഘടകങ്ങളും ഉണ്ട്. വളരെയധികം പ്രേക്ഷകരെ ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും റൊമാന്സും എല്ലാം ഇതിലുണ്ട്. അത്‌പോലെ തന്നെ നമ്മൾ ഇപ്പോൾ അധികം മലയാള സിനിമകളിൽ കാണാത്ത അച്ഛൻ- മകൻ  ബന്ധവും ഈ ചിത്രത്തിൽ വളരെ മനോഹരമായി കാണിക്കുന്നുണ്ട്. പ്രേക്ഷകർക്ക് വളരെ റിലാക്സ് ആയിരുന്നു കാണാൻ കഴിയുന്ന ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആണിത്. 

സംവിധായകരും നടന്മാരും ആയ അൽത്താഫ് സലിം, ബേസിൽ ജോസെഫ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന് കേട്ടിരുന്നു..?
അവർ രണ്ടു പേരും ആദ്യം ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടായിരുന്നു. കഥ കേട്ട് ഇഷ്ട്ടപെട്ട അവർ രണ്ടു പേരും ഇതിൽ അഭിനയിക്കാൻ തയ്യാറായതുമാണ്. പക്ഷെ കേരളത്തിൽ പ്രളയം നടന്ന സമയത്തു ആയിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ട് നടന്നത്. ആ സമയത്തു അവർക്കു ഷൂട്ടിന് എത്തിച്ചേരാൻ പറ്റാത്ത സാഹചര്യം വരികയും പിന്നീട് അവരുടെ ഡേറ്റുകൾ മാറി പോവുകയും ചെയ്തു. സലിം കുമാർ, ബിജു കുട്ടൻ എന്നിവരും വളരെ രസകരമായ കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ചെയ്തിട്ടുണ്ട്. പണ്ടത്തെ പ്രിയദർശൻ ചിത്രങ്ങൾ പോലെയുള്ള ഒരുപാട് രസകരമായ തമാശകൾ അവരുടേതായി ഈ ചിത്രത്തിൽ ഉണ്ട്. നായികയായി അഞ്ചു കുര്യൻ, കൊച്ചു പ്രേമൻ ചേട്ടൻ, ഉണ്ണി  രാജൻ പി ദേവ് , രാജേഷ് ശർമ്മ എന്നിവരും ഈ ചിത്രത്തിൽ ഉണ്ട്.
ചിത്രം  ഇപ്പോൾ കണ്ടു കഴിഞ്ഞപ്പോൾ എന്ത് തോന്നുന്നു..?
ഞാൻ ചിത്രം കണ്ടിരുന്നു. ഈ ചിത്രത്തിന്റെ കഥ ഒരുക്കിയപ്പോൾ മുതൽ ഇതിന്റെ ഒരു ഭാഗം ആകാൻ എനിക്ക് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ പ്രീവ്യൂ ഷോ കണ്ടപ്പോൾ നല്ല പ്രതീക്ഷ തോന്നുന്നുണ്ട്. നമ്മൾ വിചാരിച്ചതിലും നന്നായി വന്നിട്ടുണ്ട് പടം എന്ന് തോന്നുന്നു. എല്ലാവരുടെയും ഒരുപാട് നാളത്തെ കഷ്ടപ്പാടാണ്. 

സീനിയർ നടന്മാരായുള്ള സലിം ഏട്ടന്റെ കൂടെയുള്ള ആ എക്സ്പീരിയൻസ് എങ്ങനെ ആയിരുന്നു..?
സലിം ഏട്ടൻ ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ അദ്ദേഹം സെറ്റിൽ എത്തുന്നതിനു ഉള്ള കാത്തിരിപ്പിൽ ആയിരുന്നു. നമ്മൾ സ്‌ക്രീനിൽ മാത്രം കണ്ടിട്ടുള്ള ഒരാളെ നേരിട്ട് കാണുക, അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നതൊക്കെ വലയ അനുഭവം ആയിരുന്നു. സലിം ഏട്ടൻ ആയാലും ബിജു കുട്ടൻ ചേട്ടൻ ആയാലും കൊച്ചു പ്രേമൻ ചേട്ടൻ ആയാലും അവരൊക്കെ ഒരു പുതുമുഖം എന്ന രീതിയിൽ വലിയ പിന്തുണ തന്നെയാണ് തന്നത്. അത്രമാത്രം അവരൊക്കെ സഹായിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ നമ്മുടെ പ്രകടനം കൂടി നന്നാവാൻ. 

അർജുൻ, ഗോകുൽ എന്നിവരുടെ ടീമിലേക്കു എങ്ങനെ എത്തിപ്പെട്ടു..?
ഇവർ തന്നെയാണ് ഞാൻ ആദ്യം നായകൻ ആവാൻ ഇരുന്ന ചിത്രവും ഒരുക്കിയത്. അന്നെനിക്ക് അതിൽ അഭിനയിക്കാൻ പറ്റാതെ പോയ സംഭവം ഞാൻ പറഞ്ഞല്ലോ. അതിനു ശേഷം സത്യം പറഞ്ഞാൽ എനിക്ക് എന്റെ നാട്ടിൽ പോവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. എങ്ങനെ എങ്കിലും സിനിമയിൽ നായകനായേ പറ്റു എന്ന ഒരു അവസ്ഥയിൽ ആയിരുന്നു. എന്റെ അവസ്ഥ അവർക്കു നന്നായി മനസ്സിലായത് കൊണ്ടാവും അവർ എനിക്ക് വേണ്ടി ഒരു കഥാപാത്രത്തെ സൃഷ്ടിച്ചത്. നായകനാവാനിരുന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പക്ഷെ അന്ന് അവർ തന്ന വാക്കാണ് എനിക്ക് വേണ്ടി ഒരു ചിത്രം ചെയ്യുമെന്ന്. ആ ബന്ധം ആണ് ഈ ചിത്രത്തിലേക്ക് എത്തിച്ചത്. 

ഇത് ഒരു ദിലീപ് ഫാൻസ്‌ മൂവി ആണോ ? ദിലീപ് ആരാധകർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ആണോ ഈ ചിത്രം..?
സാധാരണ നമ്മൾ കണ്ടു പരിചയിച്ച ഒരു ഫാൻസ്‌ മൂവി അല്ല ഷിബു. അങ്ങനെ ഒരു പ്രചരണം സോഷ്യൽ മീഡിയയിൽ വന്നു  പോയതാണ്. ദിലീപ് ഏട്ടനെ ഇഷ്ട്ടപെടുന്ന ഒരാളുടെ കഥ ആണ്. അയാളുടെ ജീവിതമാണ് സിനിമ. പക്ഷെ ദിലീപേട്ടന്റെ വിന്റേജ് സിനിമകൾക്ക് ഒരു ട്രിബ്യുട്ട് കൊടുക്കുന്ന രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ടാകും. ദിലീപ് ആരാധകർക്ക് മാത്രമല്ല, എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന ഒരു രസകരമായ ചിത്രമാകും ഷിബു.

ജീവിതത്തിൽ ശെരിക്കും ദിലീപ് ഫാൻ ആണോ..?
ദിലീപേട്ടൻ , ലാലേട്ടൻ എന്നിവരുടെ കടുത്ത ആരാധകൻ ആണ് ഞാൻ. സിനിമയെ അടുത്തറിഞ്ഞപ്പോൾ മുതൽ ഇവർ രണ്ടു പേരും  എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ ചിത്രത്തിലും ദിലീപേട്ടൻ ഫാൻ ആയി അഭിനയിച്ചപ്പോൾ എന്റെ തന്നെ ചില അംശങ്ങൾ ഈ കഥാപാത്രത്തിലും ഉണ്ടല്ലോ എന്ന് തോന്നിയിരുന്നു. അതൊരു ഭാഗ്യമായും കാണുന്നു.

ദിലീപേട്ടൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ഉണ്ടോ ?
ദിലീപേട്ടൻ ഇല്ല.. പക്ഷെ ദിലീപേട്ടന്റെ എല്ലാവിധ പിന്തുണയും ഈ സിനിമയ്ക്കു ഉണ്ടായിട്ടുണ്ട്. ദിലീപേട്ടനോട് ഈ കഥ പറഞ്ഞിട്ടുണ്ട്. ദിലീപേട്ടന് കഥ ഒരുപാട് ഇഷ്ടപ്പെടുകയും ചിത്രത്തിന് എല്ലാവിധ പിന്തുണയും തരുകയും ചെയ്തു. ചിത്രത്തിന്റെ ടീസർ ഒക്കെ ദിലീപേട്ടൻ റിലീസ് ചെയ്തത് അത് കൊണ്ടാണ്. എന്റെ വലിയ ഒരു സ്വപ്നം ആണീ ചിത്രം.  അതുകൊണ്ടു എല്ലാവരുടെയും പിന്തുണ വേണം എന്ന് അഭ്യർത്ഥിക്കുന്നു, കിട്ടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ചിത്രം കണ്ടിട്ട് പ്രേക്ഷകർ നല്ലതു പറയട്ടെ എന്ന് പ്രാർഥിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close