ഉലക നായകൻ കമൽ ഹാസൻ നായകനായ വിക്രമെന്ന ചിത്രം ഇന്നലെയാണ് ആഗോള റിലീസായെത്തിയത്. വമ്പൻ ഹൈപ്പിൽ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിലും വലിയ റിലീസാണ് നേടിയത്. കേരളത്തിലെ അഞ്ഞൂറിലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വമ്പൻ കയ്യടിയാണ് ലഭിച്ചത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ഈ ചിത്രം ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം രാത്രിയിലും ഒട്ടേറെ എക്സ്ട്രാ ഷോകളാണ് കേരളത്തിലുടനീളം ഈ ചിത്രം കളിച്ചതു. ഇപ്പോഴിതാ വിക്രത്തിന്റെ ആദ്യ കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. കേരളത്തിൽ ഗംഭീര ഓപ്പണിങ് കളക്ഷനാണ് ഈ ചിത്രം നേടിയെടുത്തിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത് അഞ്ച് കോടി രൂപയ്ക്കു മുകളിലാണ്.
കേരളത്തിൽ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് വിക്രം. ആറു കോടി അറുപതു ലക്ഷം ആദ്യ ദിനം നേടിയ ദളപതി ചിത്രം ബീസ്റ്റ്, ആറു കോടിക്ക് മുകളിൽ നേടിയ ദളപതി ചിത്രം സർക്കാർ എന്നിവയാണ് വിക്രത്തിനു മുകളിൽ ഉള്ളത്. നാലര കോടിക്ക് മുകളിൽ ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയ എന്തിരൻ 2, ബിഗിൽ, മെർസൽ എന്നീ ചിത്രങ്ങളുടെ റെക്കോർഡാണ് വിക്രം മറികടന്നത്. കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി, അതിഥി വേഷത്തിലെത്തിയ സൂര്യ എന്നിവരുടെ സാന്നിധ്യവും ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം രചിച്ചത് അദ്ദേഹവും രത്ന കുമാറും ചേർന്നാണ്.