
നവാഗത സംവിധായകനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥ എന്ന ദുൽഖർ സൽമാൻ ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം നേടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒന്നര വർഷത്തിന് ശേഷം മലയാളത്തിൽ എത്തിയ ദുൽഖറിന് ഗംഭീര സ്വീകരണം ആണ് ആരാധകർ നൽകിയത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനം മൂന്നര കോടി രൂപയ്ക്കു മുകളിൽ ആണ് ഈ ചിത്രം കളക്ഷൻ ആയി നേടിയത്. കേരളത്തിന് പുറമെ ഗൾഫിലും വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് ലഭിച്ചത്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെയാണ് സ്വീകരിക്കുന്നത്.
സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ രചിച്ചിട്ടുള്ള വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം എഴുതിയ ഈ ചിത്രം ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആക്ഷനും പാട്ടും നൃത്തവും തമാശകളും പ്രണയവും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് കളർഫുൾ എന്റെർറ്റൈനെർ ചിത്രത്തിൽ ദുൽഖർ സൽമാൻ അഭിനയിക്കുന്നത് ഇതാദ്യമാണ്. അതിനെ ഇരു കയ്യും നീട്ടിയാണ് ഇപ്പോൾ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ദുൽഖർ സൽമാന് പുറമെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, ദിലീഷ് പോത്തൻ, സുരാജ് , സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും വളരെ രസകരമായ പ്രകടനമാണ് കാഴ്ച വെച്ചത്.