50 കോടിയും കടന്ന് കൊഴുമ്മൽ രാജീവനും കൂട്ടരും; ന്നാ താൻ കേസ് കൊട് കളക്ഷൻ പുറത്ത് വിട്ട് നിർമ്മാതാവ്

Advertisement

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രം ഇപ്പോൾ മെഗാ വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരും സിനിമാ നിരൂപകരും, സിനിമാ പ്രവർത്തകരുമെല്ലാം ഒരുപോലെ കയ്യടി നൽകുന്ന ഈ ചിത്രം, ഇതിലെ നായകൻ കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയമാണ് നേടുന്നത്. ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കാനുള്ള യാത്രയിലാണ് ഈ ചിത്രം.കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായി തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബൻ ഈ സിനിമയിൽ കാഴ്ച വെച്ചത്. കുഞ്ചാക്കോ ബോബനെ കൂടാതെ രാജേഷ് മാധവൻ, പി പി കുഞ്ഞിക്കൃഷ്ണൻ, ഗായത്രി ശങ്കർ, സിബി തോമസ് എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും തങ്ങളുടെ ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടി.

ഇപ്പോഴിതാ ഈ ചിത്രം 50 കോടി കളക്ഷൻ നേടിയെന്ന വിവരം പങ്കു വെച്ചിരിക്കുകയാണ് നിർമ്മാതാക്കളിലൊരാളായ സന്തോഷ് ടി കുരുവിള. മറ്റൊരു നിർമ്മാതാവായ കുഞ്ചാക്കോ ബോബനും ഈ വിവരം പങ്കു വെച്ചിട്ടുണ്ട്. സന്തോഷ് ടി കുരുവിള ഈ വാർത്ത പുറത്തു വിട്ടു കൊണ്ട് കുറിച്ചത് ഇങ്ങനെ, “ന്നാ താൻ കേസ് കൊട് (sue me ) എന്ന ചിത്രത്തിന് ലോക മലയാളികളിൽ നിന്നും ലഭിയ്ക്കുന്ന സ്വീകാര്യതയിൽ ഞാൻ ഏറെ സന്തോഷിയ്ക്കുന്നു, അഭിമാനിയ്ക്കുന്നു.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ & ക്രൂവിന് ഇത് നേട്ടങ്ങളുടെ ദിനങ്ങളാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കുഞ്ചാക്കോ ബോബൻ ,ഒരു നടൻ എന്ന നിലയിൽ ഈ പ്രൊജക്ടിനോട് കാണിച്ച സമർപ്പണവും കഠിനാധ്വാനവും ക്ഷമയും വാക്കുകൾക്ക് അപ്പുറമുള്ളതാണ്. ഈ സിനിമയുടെ പ്രീ ഷൂട്ട് ജോലികൾ മുതൽ ഷൂട്ടിംഗ് , പോസ്റ്റ് പ്രൊഡക്ഷൻ ജോബുകൾ അങ്ങിനെ എല്ലാ സങ്കേതിക വിദഗ്ധരോടും കാസർഗോഡൻ ഗ്രാമങ്ങളിലെ സഹൃദയരായ ജനങ്ങളോടും കലാകാരൻമാരോടും , പ്രൊഡക്ഷൻ ടീം , മാർക്കറ്റിംഗ് ടീം, മാധ്യമ പ്രവർത്തകർ അങ്ങിനെ ബന്ധപ്പെട്ട എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും ഈ ചിത്രം തീയറ്ററിൽ എത്തി തന്നെ കാണാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു..”

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close