ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ ദൃശ്യം 2 ന്റെ ഹിന്ദി റീമേക്കായ അജയ് ദേവ്‌ഗൺ ചിത്രം ഇപ്പോൾ ബോളിവുഡിലെ വമ്പൻ ഹിറ്റുകളിലൊന്നായി മാറുകയാണ്. മലയാളത്തിൽ മോഹൻലാൽ- ജീത്തു ജോസഫ് ടീമൊരുക്കിയ ദൃശ്യം സീരിസ് അതേ പേരിലാണ് ഹിന്ദിയിലേക്ക് റീമേക് ചെയ്തത്. ദൃശ്യം ആദ്യ ഭാഗം ഹിന്ദിയിലൊരുക്കിയ നിഷികാന്ത് കാമത് അന്തരിച്ചു പോയതിനെ തുടർന്ന്, ദൃശ്യം 2 ഹിന്ദിയിൽ ഒരുക്കിയത് അഭിഷേക് പഥക് ആണ്. മോഹൻലാൽ, മീന എന്നിവർ മലയാളത്തിൽ അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ചെയ്തത് അജയ് ദേവ്‌ഗൺ- ശ്രീയ ശരൺ ടീമാണ്. മലയാളത്തിൽ മുരളി ഗോപി ചെയ്ത വേഷം ഹിന്ദിയിൽ അക്ഷയ് ഖന്ന അവതരിപ്പിക്കുമ്പോൾ, ആശാ ശരത് ചെയ്ത വേഷം ഹിന്ദിയിൽ ചെയ്യുന്നത് തബു ആണ്. ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ദൃശ്യം 2 ഹിന്ദി വേർഷൻ നേടിയെടുക്കുന്നത്. ബോക്സ് ഓഫീസിലും ഞെട്ടിക്കുന്ന പ്രകടനമാണ് ഈ ചിത്രം നടത്തുന്നത്.
ആദ്യ ആറ് ദിനം കൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് മാത്രം നൂറ് കോടിയോളം നെറ്റ് കളക്ഷൻ നേടിയ ഈ ചിത്രത്തിന്റെ ആദ്യ ആറ് ദിനത്തിലെ ഇന്ത്യ ഗ്രോസ് 115 കോടിയോളമാണ്. 22 കോടിയോളം ഓവർസീസ് ഗ്രോസും നേടിയ ഈ ഹിന്ദി വേർഷൻ ഇത് വരെ ആകെ നേടിയ ഗ്രോസ് 135 കോടിയോളമാണ്. പനോരമ സ്റ്റുഡിയോസ്, വയാകോം സ്റ്റുഡിയോസ്, ടി സീരിസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കുമാർ മങ്കത് പഥക്, കൃഷൻ കുമാർ, അഭിഷേക് പഥക് എന്നിവരും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ചേർന്നാണ് ദൃശ്യം 2 ഹിന്ദി പതിപ്പ് നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈം റിലീസ് ആയെത്തിയ ദൃശ്യം 2 മലയാളം പതിപ്പ്, ആഗോള തലത്തിലാണ് ശ്രദ്ധ നേടിയത്. ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട മലയാളം ഒടിടി ചിത്രമെന്ന റെക്കോർഡും, ഏറ്റവും വലിയ ഒടിടി റൈറ്റ്സ് ലഭിച്ച മലയാള ചിത്രമെന്ന റെക്കോർഡും ദൃശ്യം 2 നേടിയിരുന്നു.
#Drishyam2 is in no mood to slow down on Day 6…
— taran adarsh (@taran_adarsh) November 24, 2022
⭐️ Will swim past ₹ 💯 cr today [Day 7].
⭐️ Fifth [outright] #Hindi film to hit century in 2022.
Fri 15.38 cr, Sat 21.59 cr, Sun 27.17 cr, Mon 11.87 cr, Tue 10.48 cr, Wed 9.55 cr. Total: ₹ 96.04 cr. #India biz. pic.twitter.com/5rjTjFyPvo