ദളപതി വിജയ് തന്റെ പുതിയ ചിത്രമായ ബിഗിലിലൂടെ തമിഴ് സിനിമയുടെ ബോക്സ് ഓഫീസിൽ ചരിത്രം തന്നെ തിരുത്തി കുറിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ ആഗോള കളക്ഷൻ ആയി 150 കോടിക്ക് മുകളിൽ നേടിയ ബിഗിൽ നാല് ദിവസം പിന്നിടുമ്പോൾ നേടിയത് 175 കോടിക്ക് മുകളിൽ ആണ്. വർക്കിംഗ് ഡേയിലും ഗംഭീര ബോക്സ് ഓഫീസ് പെർഫോമൻസ് നടത്തുന്ന ഈ ചിത്രം ഉടൻ തന്നെ 200 കോടി ക്ലബിലും അംഗമാകും. ദളപതി വിജയ്‌യുടെ കരിയറിലെ മാത്രമല്ല തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ നമ്മുക്ക് ഇനി ബിഗിൽ എന്ന പേര് കാണാൻ സാധിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ആദ്യ മൂന്നു ദിവസം കൊണ്ട് 66 കോടി രൂപ തമിഴ് നാട് നിന്ന് മാത്രം നേടിയ ഈ ചിത്രം അവിടെ നിന്ന് മാത്രം നൂറു കോടി കളക്ഷൻ മാർക്ക് ഉടൻ പിന്നിടും. വിദേശത്തു ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ബിഗിൽ മുന്നേറുന്നത്. ഫ്രാൻസിലെ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട തമിഴ് ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ബിഗിൽ ഓവർസീസ് മാർക്കറ്റിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ വർഷത്തെ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ രണ്ടാമതും എത്തി. കേരളത്തിലും ഗംഭീര കളക്ഷൻ ആണ് ഈ വിജയ്- ആറ്റ്ലി ചിത്രം നേടിയെടുക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്ന് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം ഇങ്ങനെ മുന്നോട്ടു പോയാൽ വിജയ്‌യുടെ കേരളത്തിലെ ഏറ്റവും വലിയ ഗ്രോസ്സർ ആയി മാറും.