മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. അമ്പതു കോടി കളക്ഷൻ പിന്നിട്ട ഈ ചിത്രം, ഇന്നുവരെയുള്ള കളക്ഷൻ പരിശോധിക്കുമ്പോൾ ആഗോള കളക്ഷനിൽ ദൃശ്യം എന്ന ചിത്രത്തിന്റെ റെക്കോർഡ് മറികടന്നു കുതിക്കുകയാണ്. മലയാളത്തിൽ ആദ്യമായി അമ്പതു കോടി കളക്ഷൻ പിന്നിട്ട ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം. ഈ ചിത്രത്തിന്റെ കേരളാ കളക്ഷൻ 44 കോടിയും, ആഗോള കളക്ഷൻ 66 കോടിയുമാണ്. ഇപ്പോൾ ഭീഷ്മ പർവ്വം ആഗോള കളക്ഷനിൽ ദൃശ്യത്തെ മറി കടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളാ കളക്ഷൻ 36 കോടിയോളം നേടിയ ഭീഷ്മ പർവ്വം മുപ്പതു കോടിയോളം ആണ് റസ്റ്റ് ഓഫ് ഇന്ത്യ, ഓവര്സീസ്സ് മാർക്കറ്റുകളിൽ നിന്നായി നേടിയതായി ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.
ഇനി കായംകുളം കൊച്ചുണ്ണി (69 കോടി), പ്രേമം (74 കോടി), കുറുപ്പ് (80 കോടി), ലൂസിഫർ (128 കോടി), പുലി മുരുകൻ (143 കോടി) എന്നിവയാണ് ഭീഷ്മ പർവത്തിന്റെ മുന്നിൽ ഉള്ള ചിത്രങ്ങൾ. മുകളിൽ പറഞ്ഞ ചിത്രങ്ങൾ കൂടാതെ എന്ന് നിന്റെ മൊയ്‌ദീൻ, ഒപ്പം, ടു കൺഡ്രീസ്, ഒടിയൻ, ഞാൻ പ്രകാശൻ, ഹൃദയം എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് അമ്പതു കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ മറ്റു ചിത്രങ്ങൾ. അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഭീഷ്മ പർവ്വം രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. വലിയ താരനിരയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അണിനിരന്നത്.