മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവം നേടുന്ന മെഗാ വിജയം ആഘോഷിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി ആരാധകർ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയ ഭീഷ്മ പർവം ഇപ്പോൾ ഒഫീഷ്യൽ ആയിത്തന്നെ അൻപത് കോടി ക്ലബ്ബിൽ ഇടം നേടി എന്ന വാർത്തയാണ് പുറത്തു വരുന്നത്. ആറു ദിവസം കൊണ്ടാണ് അൻപത് കോടി എന്ന നേട്ടത്തിൽ ഭീഷ്മ പർവം എത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ അൻപത് കോടി ഗ്രോസ്സ് ചിത്രമാണ് ഇത്. വൈശാഖ് ഒരുക്കിയ മധുര രാജ ആയിരുന്നു ഇതുവരെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. 45 കോടി ആയിരുന്നു ആ ചിത്രത്തിന്റെ ആഗോള ഗ്രോസ്സ്. ഏറ്റവും വേഗത്തിൽ 50 കോടി നേടിയ മൂന്നാമത്തെ മലയാള ചിത്രം ആണ് ഭീഷ്മ പർവം.
4 ദിവസം കൊണ്ട് 50 കോടി നേടിയ മോഹൻലാൽ ചിത്രം ലുസിഫെർ, 5 ദിവസം കൊണ്ട് നേടിയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് എന്നിവയാണ് ആദ്യ രണ്ടു സ്ഥാനത് നിൽക്കുന്നത്. 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന എട്ടാമത്തെ മലയാള നടൻ ആണ് മമ്മൂട്ടി. മോഹൻലാൽ, നിവിൻ പോളി, പൃഥ്വിരാജ് സുകുമാരൻ, ദിലീപ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്. ദൃശ്യം, പ്രേമം, എന്നു നിന്റെ മൊയ്‌ദീൻ, ടൂ കൺഡ്രീസ്, ഒപ്പം, പുലി മുരുകൻ, ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ, ലുസിഫെർ, കുറുപ്പ്, ഹൃദയം എന്നിവയാണ് ഇതിനു മുമ്പ് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രങ്ങൾ. ഇതിൽ പുലി മുരുകൻ, ലുസിഫെർ എന്നിവ നൂറു കോടി ക്ലബിലും സ്ഥാനം പിടിച്ചു. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവം മമ്മൂട്ടിയുടെ മാത്രമല്ല, അമൽ നീരദിന്റെയും ഏറ്റവും വലിയ ഹിറ്റ് ആണ്. ഫഹദ് ഫാസിൽ നായകനായ വരത്തൻ ആയിരുന്നു ഇതിനു മുൻപുള്ള ഏറ്റവും വലിയ അമൽ നീരദ് ഹിറ്റ്.