അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ആന്റണി വർഗീസ് നായകനായി എത്തിയ അജഗജാന്തരം എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞു ഓടുകയാണ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ ഈ ആക്ഷൻ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. നാട്ടിലെ ഉത്സവത്തിന് ആദ്യമായി ആനയെ കൊണ്ടുവരുന്നതും തുടർന്ന് നാട്ടുകാരായ യുവാക്കളും ആനപാപ്പാന്മാരും തമ്മിൽ സംഘർഷം ഉടലെടുക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ആദ്യാവസാനം പൂരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ആദ്യ മലയാള സിനിമ കൂടിയാണ് ഇത്. യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഈ ചിത്രം ഇതിലെ ആക്ഷന് പുറമെ, മികച്ച ഗാനങ്ങൾ കൊണ്ടും അതുപോലെ ഗംഭീര പശ്ചാത്തല സംഗീതം കൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടും പുറത്തു വന്നിരിക്കുകയാണ്.
ഇതിനോടകം ആഗോള കളക്ഷൻ ആയി ഈ ചിത്രം ഇരുപതു കോടി നേടി എന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഏതായാലും ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് സ്ഥാനം നേടിയ ഏക മലയാള ചിത്രമാണ് അജഗജാന്തരം. ആന്റണി വർഗീസിനൊപ്പം, കിച്ചു ടെല്ലസ്, അർജുൻ അശോകൻ, ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചത്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജിന്റോ ജോർജ്, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് തിരക്കഥ രചിച്ച അജഗജാന്തരം ഏതായാലും ഇപ്പോൾ കേരളത്തിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.